തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ സംസ്ഥാനത്തും പ്രതിഷേധം വ്യാപകം. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കേസരി ഹാളിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പ്രസ് ക്ലബിന് മുന്നില്‍ എത്തി അനുശോചനയോഗം ചേര്‍ന്ന് പിരിഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എം.ജി രാധാകൃഷ്ണന്, ഗൗരിദാസന്‍ നായര്‍, എസ്.ആര് ശക്തിധരന്, രാധാകൃഷ്ണന് നായര്‍, ഗീതാ നസീര്‍ എന്നിവരെ കൊലപാതകത്തെ അപലപിച്ചു. ഗൗരി ലങ്കേഷിന് ആദരാഞ്ജലിയായി മാധ്യമ പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിന്റെയും KUWJ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖത്തിലായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് DYFI പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചു. DYFI തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ.സാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ റഹീം, സംസ്ഥാന കമ്മിറ്റിയംഗം ഐ.പി ബിനു തുടങ്ങിയവരും പ്രകടനത്തില്‍ പങ്കെടുത്തു.
ഇടുക്കി: ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പത്രമാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ തീവ്ര നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. ഇവരെ കൊല ചെയ്തവരെ കണ്ടെത്തി മാതൃകാ പരമായ ശിക്ഷ നടപ്പാക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് ഇടുക്കി ഘടകം ആവശ്യപ്പെട്ടു.
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് KUWJ നേതൃത്വത്തില്‍ കോഴിക്കോട്ടും പ്രകടനം നടന്നു. പ്രസ് ക്ലബിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാനാഞ്ചിറ ചുറ്റി പ്രസ് ക്ലബ് പരിസരത്ത് തന്നെ സമാപിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിചേര്‍ന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എന്‍പി രാജേന്ദ്രന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി ജ ജോഷ്വ, കമാല്‍ വരദൂര്‍, എന്‍ രാജേഷ് എന്നിവരും സംസാരിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here