മരണത്തിലും ജീവിതം പോലെ: ഗൗരി ലങ്കേഷിന്റെ സംസ്‌കാരം മതപരമായ ചടങ്ങുകളില്ലാതെ; കണ്ണുകള്‍ ദാനം ചെയ്തും മാതൃക

ബംഗളൂരു: സംഘപരിവാര്‍ അനുഭാവികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളില്ലാതെ ലിങ്കായത്ത് രുദ്രഭൂമി ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍.

യുക്തിവാദിയായ ഗൗരിയുടെ മൃതദേഹം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് നിര്‍ദേശിച്ചിരുന്നു. ഗൗരിയുടെ കണ്ണുകള്‍ ദാനം ചെയ്തതായും ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു. ഗൗരിയുടെ ആഗ്രഹം പോലെ വിക്ടോറിയ ആശുപത്രിയില്‍ വച്ചു നടന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകള്‍ ദാനം ചെയ്യുകയായിരുന്നെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം രാഷ്ട്രീയ കലാസാഹിത്യപ്രമുഖര്‍ ശ്മശാനത്തിലെത്തി ആദരവ് അര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് വെടിയേറ്റ് മരിച്ചത്. ഒരു പൊതുപരിപാടി കഴിഞ്ഞ വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് വെടിയേറ്റത്. ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം ഗൗരിയുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും. തല്‍ക്ഷണം മരിക്കുകയായിരുന്നു.

സ്വവസതിയില്‍ വെടിയേറ്റ് മരിച്ച ഗൗരിക്ക് വേണ്ടി രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here