ടെസ്റ്റ് കളിച്ചും തൂക്കം കുറയ്ക്കാമെന്ന് ഹാന്‍ഡ് സ്‌കോമ്പ്; രണ്ടര മണിക്കൂര്‍ ബാറ്റ് ചെയ്ത താരത്തിന് നഷ്ടമായത് നാലര കിലോ

ശരീഭാരം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാം? പുലര്‍ച്ചെയുള്ള നടത്തവും ഓട്ടവും സൈക്കിളിങ്ങും നീന്തലുമൊക്കെയാണ് നമ്മള്‍ പലരും തെരഞ്ഞെടുക്കുന്ന വഴി. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനായ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് ഭാരം കുറച്ചത് ഈ വഴിയിലൂടെ ഒന്നുമല്ല. ടെസ്റ്റ് കളിച്ചാണ് ഹാന്‍ഡ്‌സ്‌കോമ്പ് ഭാരം കുറച്ചത്. അതും നാലര കിലോ തൂക്കം രണ്ടര മണിക്കൂര്‍ കൊണ്ട്.

ചിറ്റഗോങ്ങില്‍ നടക്കുന്ന ബംഗ്ലാദേശ്-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റാണ് ഹാന്‍ഡ്‌സ്‌കോമ്പ് അവിസ്മരണീയമാക്കിയത്. ക്രീസില്‍ 144 പന്ത് നേരിട്ട ഹാന്‍ഡ്‌സ്‌കോമ്പ് 82 റണ്‍സെടുത്താണ് പുറത്തായത്. ടീം സ്‌കോര്‍ 250ലെത്തിയപ്പോഴാണ് നിര്‍ജലീകരണം മൂലം ക്ഷീണിതനായ ഹാന്‍ഡ്‌സ്‌കോമ്പ് റണ്ണൗട്ടായത്. ചിറ്റഗോങ്ങ് സ്റ്റേഡിയത്തിലെ കടുത്ത ചൂടാണ് ഹാന്‍ഡ്‌സ്‌കോമ്പിനെ വലച്ചത്. ഇന്നിങ്ങ്‌സിലെ നിശ്ചിത ഇടവേളകള്‍ക്ക് പുറമെ ഏതാനും ബ്രേക്കുകളുമെടുത്താണ് ഹാന്‍ഡ്‌സ്‌കോമ്പ് ഓസീസ് ഇന്നിങ്ങ്‌സ് പടുത്തുടര്‍ത്തിയത്. ഫീല്‍ഡ് അമ്പയര്‍ വാര്‍ണറും ഏതാനും ബംഗ്ലാദേശി താരങ്ങളും ഇടയ്ക്കിടെ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ആരോഗ്യനില അന്വേഷിക്കുന്നുണ്ടായിരുന്നു.

ബംഗ്ലാ കടുവകള്‍ക്കെതിരായ ആദ്യ ടെസ്റ്റില്‍ തോറ്റ ഓസീസിന് ഈ ടെസ്റ്റ് നിര്‍ണായകമാണ്. പരമ്പര സമനിലയായില്ലെങ്കില്‍ ഐ സി സി റാങ്കിങ്ങില്‍ ഓസീസിന് പിന്നോക്കം പോകേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ക്ഷീണിതനായിട്ടും ഹാന്‍ഡ്‌സ്‌കോമ്പ് സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ക്രീസിലുറച്ചുനിന്ന് പോരാടിയത്.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 157 റണ്‍സ് നേടി. വാര്‍ണറുടെയും ഹാന്‍ഡ്‌സ്‌കോമ്പിന്റെയും ബാറ്റിങ്ങ് മികവില്‍ ഓസ്‌ട്രേലിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 305 റണ്‍സ് മറികടന്നു.

ക്രീസിലെ ചൂടില്‍ തളര്‍ന്നെങ്കിലും ധൈര്യത്തോടെ പോരാടിയ ടീമിനെ രക്ഷിച്ച ആദ്യ ഓസീസ് ബാറ്റ്‌സ്മാന്‍ ഹാന്‍ഡ്‌സ്‌കോമ്പല്ല. 1986ലെ മദ്രാസ് ടെസ്റ്റില്‍ കടുത്ത ചൂട് തളര്‍ത്തിയെങ്കിലും ഇരട്ട സെഞ്ച്വറിയുമായി ടീമിനെ രക്ഷിച്ച ഡീന്‍ ജോണ്‍സാണ് ഹാന്‍ഡ്‌സ്‌കോമ്പിന്റെ മുന്‍ഗാമി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here