
ഇടുക്കി: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ പൊതുദര്‍ശനത്തിന് വച്ച സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി വണ്ടന്‍മേട് സ്വദേശിനി രത്‌നം, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
മരിച്ചെന്ന് കരുതി ബന്ധുക്കള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് രത്‌നം മരിച്ചിട്ടില്ലെന്നറിഞ്ഞത്. മഞ്ഞപ്പിത്തത്തിന് ഏറെ നാളുകളായി മധുരയില്‍ ചികിത്സയിലായിരുന്ന ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഓക്‌സിജന്‍ നല്‍കിയാലും ആറ് മണിക്കൂറിലധികം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.
വീട്ടിലെത്തിയപ്പോള്‍ ശരീരത്തിന് അനക്കമില്ലെന്ന് കണ്ട ബന്ധുക്കള്‍ രത്‌നം മരിച്ചെന്ന് കരുതി ദേഹം ഫ്രീസറിലേക്ക് മാറ്റി പൊതുദര്‍ശനത്തിന് വെച്ചു. എന്നാല്‍, അന്തിമോപചാരം അര്‍പ്പിക്കാനെത്തിയവര്‍ ഇവര്‍ അനങ്ങുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉച്ചയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച രത്‌നം സുഖം പ്രാപിച്ച് വരികയായിരുന്നു. സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കണ്ണുകള്‍ തുറക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രോഗം മൂര്‍ച്ഛിച്ചു. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. 6.30ഓടെ മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here