കാലത്തെ വിസ്മയിപ്പിച്ച സൗന്ദര്യം; മലയാളത്തിന്റെ മഹാനടന് ഇന്ന് പിറന്നാള്‍ മധുരം

തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നാല് പതിറ്റാണ്ടോളമായി മലയാളസിനിമയിലെ മഹാ വിസ്മയമായി നില്‍ക്കുന്ന താരം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളും വളരെ വലുതാണ്. മൂന്ന് പ്രാവശ്യം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മെഗാ സ്റ്റാര്‍ പ്രധാനപ്പെട്ട ഭാഷകളിലെല്ലാം നിറ സാന്നിധ്യമാണ്.

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം കൊണ്ട് കൂടി ശ്രദ്ധേയനാണ് മമ്മൂട്ടി. ഇന്നും മധുരപതിനേഴിന്റെ അഴകാണ് മമ്മൂക്കയ്‌ക്കെന്നാണ് ആരാധകരുടെ പക്ഷം. പിറന്നാള്‍ ദിനത്തില്‍ പ്രമുഖ താരങ്ങളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതും മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ അത്ഭുതമെന്താണെന്ന ചോദ്യമാണ്.

1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. മലയാള സിനിമയില്‍ നഗതരംഗത്തിന് തുടക്കമിട്ട എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്. മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടിയിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

2O10 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോക്ടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതും മറ്റാരുമല്ല.

1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ട് മമ്മൂക്ക മറികടക്കുകയായിരുന്നു.

കെ. ജി. ജോര്‍ജിന്റെ മേള യിലെ അഭിനയത്തിലൂടെ മമ്മൂട്ടി ശ്രദ്ധേയനായി. പൊലീസ് വേഷത്തിലെത്തിയ യവനിക മലയാളക്കരയില്‍ ചരിത്രവജയം നേടിയതോടെ മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ പിറവിയെടുക്കുകയായിരുന്നു.

1980ല്‍ സുല്‍ഫത്തിനെ ജീവിത സഖിയാക്കിയ മമ്മൂട്ടിക്ക് സുറുമിയും ദുല്‍ഖര്‍ സല്‍മാനും മക്കളായുണ്ട്. നാല് പതിറ്റാണ്ടിലേറെയായി അഭ്രപാളികളെ വിസ്മയിപ്പിക്കുന്ന മഹാനടന്‍ മറ്റൊരു പിറന്നാള്‍ മധുരം നുകരുമ്പോള്‍ ദുല്‍ഖറെന്ന ഡി ക്യു ആരാധകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞതിലും മമ്മൂട്ടിക്ക് അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here