കോഹ്ലി മുന്നില്‍ നിന്ന് പട നയിച്ചു; ലങ്കാദഹനം പൂര്‍ത്തിയായി

കൊളംബോ: ട്വന്റി-20യിലും ശ്രീലങ്കയ്ക്ക് മറുപടിയുണ്ടായില്ല. ഏക ട്വന്റി-20യില്‍ ഏഴ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. ഇതോടെ ലങ്കന്‍ പര്യടനത്തിലെ മുഴുവന്‍ മത്സരങ്ങളിലും ഇന്ത്യ ജയം കുറിച്ചു. ടെസ്റ്റില്‍ 3-0നും ഏകദിനത്തില്‍ 5-0നും ആയിരുന്നു വിരാട് കോഹ്ലിയുടെയും സംഘത്തിന്റെയും ആധിപത്യം. ഇതാദ്യമായാണ് ഒരു പര്യടനത്തിലെ ഒമ്പത് മത്സരങ്ങളിലും ഇന്ത്യ ജയിക്കുന്നത്.

കൊളംബോയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് ഏഴിന് 170 റണ്ണാണ് എടുക്കാനായത്. ഇന്ത്യ നാല് പന്ത് ശേഷിക്കെ ലക്ഷ്യം നേടി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 54 പന്തില്‍ 82 റണ്ണെടുത്തു. ട്വന്റി-20 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമതുമെത്തി കോഹ്ലി. മനീഷ് പാണ്ഡെ (36 പന്തില്‍ 51*) പുറത്താകാതെനിന്നു. രോഹിത് ശര്‍മ (8 പന്തില്‍ 9), ലോകേഷ് രാഹുല്‍ (18 പന്തില്‍ 24) എന്നിവര്‍ പെട്ടെന്ന് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ലങ്ക തുടക്കത്തില്‍വേഗത്തില്‍ റണ്ണടിച്ചുകൂട്ടി. 29 പന്തില്‍ 53 റണ്ണെടുത്ത ദില്‍ഷന്‍ മുനവീരയാണ് സ്കോര്‍ ഉയര്‍ത്തിയത്. നാല് സിക്സറും അഞ്ച് ബൌണ്ടറികളുമായിരുന്നു മുനവീരയുടെ ഇന്നിങ്സില്‍. എന്നാല്‍ പ്രതീക്ഷിച്ച സ്കോറിലെത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല. അവസാന ഓവറുകളില്‍ അഷാന്‍ പ്രിയഞ്ജനും (40 പന്തില്‍ 40*) ഇസുറു ഉദാനയും (10 പന്തില്‍ 19*) ചേര്‍ന്നാണ് ലങ്കയെ 150 കടത്തിയത്. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ സ്കോര്‍ പ്രതീക്ഷിച്ചു ലങ്ക. പക്ഷേ, ഇന്ത്യന്‍ ബൌളര്‍മാര്‍ തടഞ്ഞു.

മൂന്ന് വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ ഇന്ത്യന്‍ ബൌളര്‍മാരില്‍ മികച്ചുനിന്നു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News