
തൃശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി ഇന്ന്. വൈകിട്ട് നാല് മുതല്‍ തുടങ്ങുന്ന പുലിക്കളിയില്‍ പെണ്‍പുലികള്‍ അടക്കം എണ്ണൂറോളം പുലിവേഷധാരികള്‍ നഗരത്തിലിറങ്ങും. ഉച്ചയ്ക്ക് 12 മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
അരമണികെട്ടി വയര്‍കുലുക്കി പുറത്തുചാടുന്ന പുലിവേഷക്കാര്‍ പൂരനഗരിയിലെത്തുന്നതോടെ ആവേശം അലയടിച്ചുയരും. ഉച്ചകഴിഞ്ഞ് രണ്ടരയോടെ സാംസ്‌കാരിക നഗരിയുടെ വിവിധ കോണുകളില്‍ നിന്ന് അസുരവാദ്യത്തിന്റേയും ഇലത്താളത്തിന്റേയും അകമ്പടിയോടെ ചുവടുകള്‍ വെച്ച് തുള്ളിവരുന്ന പുലിസംഘങ്ങള്‍ നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് ചുവട് വെക്കുമ്പോള്‍ വിദേശികള്‍ അടക്കമുള്ള പതിനായിരങ്ങളാണ് ഒപ്പം നൃത്തം ചവിട്ടുക.
പുലിക്കളിയോട് അനുബന്ധിച്ച് ഓരോ സംഘത്തിന്റെയും നിശ്ചല ചിത്രങ്ങളും ഘോഷയാത്രയില്‍ ഉണ്ടാകും. ചെണ്ട, തപ്പ്, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും. വിയ്യൂര്‍, കോട്ടപ്പുറം, നായ്ക്കനാല്‍, അയ്യന്തോള്‍, കാനാട്ടുകര, വടക്കേ അങ്ങാടി എന്നീ ദേശങ്ങളാണ് പുലിക്കളിയില്‍ പങ്കെടുക്കുന്നത്. ഓരോ സംഘങ്ങള്‍ക്കുമൊപ്പം 48 മുതല്‍ 60വരെ പുലികള്‍ ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here