‘എന്നേക്കാളും ചെറുപ്പം തോന്നിക്കുന്ന എന്റെ വാപ്പച്ചിക്ക് പിറന്നാളംശംസകള്‍’; ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം

ഇതിലും മികച്ച പിറന്നാളാശംസ ചരിത്രത്തില്‍ ഒരു പക്ഷെ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകില്ല. മമ്മൂട്ടിക്ക് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തെ അങ്ങനെ വിശേഷിപ്പിക്കാം. എന്നെക്കാള്‍ ചെറുപ്പക്കാരനായ എന്റെ വാപ്പച്ചിക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് ഡി ക്യു ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ഒ പ്പം ചേര്‍ത്തിട്ടുണ്ട്. ചിത്രം കാണുന്നവര്‍ക്ക് ഇതില്‍ ആര്‍ക്കാണ് പ്രായം കുറവെന്ന സംശയം ജനിക്കുമെന്നുറപ്പ്. അത്രയ്ക്ക് കിടിലന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.

പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം കൊണ്ട് കൂടി ശ്രദ്ധേയനാണ് മമ്മൂട്ടി. ഇന്നും മധുരപതിനേഴിന്റെ അഴകാണ് മമ്മൂക്കയ്‌ക്കെന്നാണ് ആരാധകരുടെ പക്ഷം. പിറന്നാള്‍ ദിനത്തില്‍ പ്രമുഖ താരങ്ങളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതും മമ്മൂട്ടിയുടെ സൗന്ദര്യത്തിന് പിന്നിലെ അത്ഭുതമെന്താണെന്ന ചോദ്യമാണ്.

1951 സെപ്തംബര്‍ 7 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ജനിച്ച പി ഐ. മുഹമ്മദ് കുട്ടി പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി വളരുകയായിരുന്നു. രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി ചെയ്ത ശേഷമാണ് മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. മലയാള സിനിമയില്‍ നഗതരംഗത്തിന് തുടക്കമിട്ട എണ്‍പതുകളില്‍ വെള്ളിത്തിരയിലെത്തിയ മമ്മൂട്ടിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതം മലയാള സിനിമയുടെ കൂടി ചരിത്രമാണ്. മൂന്ന് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടി അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും നേടിയിട്ടുണ്ട്. 1998ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

2010 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനല്‍ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതും മറ്റാരുമല്ല.

1971 ല്‍ പ്രദര്‍ശനത്തിനെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. വെല്ലുവിളികള്‍ നിറഞ്ഞ ആദ്യ കാല അനുഭവങ്ങള്‍ മനക്കരുത്തും അഭിനയശേഷിയും കൊണ്ട് മമ്മൂക്ക മറികടക്കുകയായിരുന്നു. കെ. ജി. ജോര്‍ജിന്റെ മേള യിലെ അഭിനയത്തിലൂടെ മമ്മൂട്ടി ശ്രദ്ധേയനായി. പൊലീസ് വേഷത്തിലെത്തിയ യവനിക മലയാളക്കരയില്‍ ചരിത്രവജയം നേടിയതോടെ മമ്മൂട്ടിയെന്ന മെഗാസ്റ്റാര്‍ പിറവിയെടുക്കുകയായിരുന്നു.

1980ല്‍ സുല്‍ഫത്തിനെ ജീവിത സഖിയാക്കിയ മമ്മൂട്ടിക്ക് സുറുമിയും ദുല്‍ഖര്‍ സല്‍മാനും മക്കളായുണ്ട്. നാല് പതിറ്റാണ്ടിലേറെയായി അഭ്രപാളികളെ വിസ്മയിപ്പിക്കുന്ന മഹാനടന്‍ മറ്റൊരു പിറന്നാള്‍ മധുരം നുകരുമ്പോള്‍ ദുല്‍ഖറെന്ന ഡി ക്യു ആരാധകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞതിലും മമ്മൂട്ടിക്ക് അഭിമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News