ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ക്രമീകരണങ്ങള്‍ പൂർത്തിയായി; ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് 1.30ന് ജലോത്സവം ഉത്ഘാടനം ചെയ്യുന്നതോടെയാണ് ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് തുടക്കമാവുക. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി 3 മണിക്ക് മത്സരവള്ളംകളി ഉത്ഘാടനം ചെയ്യും.

എ ബാച്ചില്‍ 9 ഹീറ്റസുകളിയായി 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 5 ഹീറ്റ്സുകളിയിലായി 17 പള്ളിയോടങ്ങളും ഉള്‍പ്പടെ 52 പള്ളിയോടങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഈ വര്‍ഷം ഓരോ പള്ളിയോടത്തിന്റേയും സമയം രേഖപ്പെടുത്തി ഏറ്റവും വേഗത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തുന്ന 4 പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതാണ്.

ആറന്മുളയുടെ തനതു ശൈലിയില്‍, ആചാരത്തനിമയില്‍ വഞ്ചിപ്പാട്ട് പാടിയായിരിക്കും പള്ളിയോടങ്ങൾ ജലഘോഷയാത്രയില്‍ പങ്കെടുക്കുന്നതാണ്. മത്സരത്തില്‍ തെയ് തെയ് താളത്തില്‍ മാത്രമേ പാടുവാന്‍ പാടുള്ളു. മറ്റു താളത്തില്‍ പാടുക, വിസില്‍ അടിക്കുക, പള്ളിയോടത്തില്‍ തടികൊണ്ട് ഇടിക്കുക, കൂട്ടുപള്ളിയോടങ്ങളെ ചൂണ്ടുക തുടങ്ങിയവ ഗുരുതരമായ ക്രമക്കേടായി കാണുന്നതും പ്രസ്തുത പള്ളിയോടങ്ങളെ തല്‍സമയം അയോഗ്യരായി പ്രഖ്യാപിച്ച് മത്സര വള്ളം കളിയില്‍നിന്നും പുറത്താക്കുന്നതാണ്.

അവരുടെ ഗ്രാന്റ് തടയുന്നതും 3 വര്‍ഷംവരെ ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതില്‍നിന്നും തടയുന്നതുമാണ്. സുരക്ഷാ സംവിധാനങ്ങള്‍ക്ക് വിപുലമായ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ പള്ളിയോടത്തിലും കുറഞ്ഞത് 2 ലൈഫ് ബോയ്കളും 5 ടയര്‍ ട്യൂബുകളും ഉണ്ടായിരിക്കണം. റസ്‌കൂവിനുവേണ്ടിയും പള്ളിയോടങ്ങളെ നിരീക്ഷിക്കുന്നതിനുവേണ്ടിയും 5 ബോട്ടുകളും 8 യമഹാവള്ളങ്ങളും 4 സ്പീഡ് ബോട്ടുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തുറമുഖവകുപ്പിന്റെ സ്‌കൂബ ഡൈവേഴ്‌സിനേയും പ്രാദേശിക മുങ്ങല്‍ വിദഗ്ദരേയും ഏര്‍പ്പെടുത്തി. പോലീസിന്റെ 2 ബോട്ടുകളും ഫയര്‍ഫോഴ്‌സിന്റെ 2 ബോട്ടുകളും നിരീക്ഷണം നടത്തുന്നതാണ്. ഈ വര്‍ഷത്തെ ഉതൃട്ടാതി വള്ളംകളി പീപ്പിൾ ടി വി തല്‍സമയം സംപ്രേഷണം ചെയ്യുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here