
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍. കേസുമായി ബന്ധപ്പെട്ട് നേരത്തെ അകത്തായ നടന്‍ ദിലീപിന്റെ ഉറ്റ ചങ്ങാതിയും സംവിധായകനുമായ നാദിര്‍ഷക്ക് മേല്‍ കുരുക്ക് മുറുകി. നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും പൊലീസ് നിരന്തരം പീഡിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നാദിര്‍ഷ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായും നാദിര്‍ഷ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനമെന്ന് സൂചനകള്‍ രാവിലെ പുറത്തുവന്നിരുന്നു. ഇത് മണത്തറിഞ്ഞ താരസംവിധായകന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വിശദീകരണം.
എന്നാല്‍ ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രമാണെന്നാണ് വ്യക്തമാകുന്നത്. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ നല്‍കിയ മൊഴികളെല്ലാം കളവായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കൂടുതല്‍ വ്യക്തതയ്ക്കാണ് ചോദ്യം ചെയ്യലെന്ന് പൊലീസ് വിശദീകരിച്ചു.
ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷയിപ്പോഴെന്നാണ് താരത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം അസുഖം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here