‘എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; ഇനി ജീവിതം അവള്‍ക്ക് വേണ്ടി’: സണ്ണി പറയുന്നു

‘രണ്ട് വര്‍ഷം നീണ്ട പ്രയത്‌നത്തിന് വിരാമം. ഒടുവില്‍ അവള്‍ തന്റെ ജീവിതത്തിലേക്ക് നടന്നു വരുകയാണ്. നിഷ, നക്ഷത്രങ്ങളുടെ രാജകുമാരി. ഇനി എനിക്ക് വേറെ സ്വപ്നമില്ല. ഈ ജീവിതം ഇനി അവള്‍ക്ക് വേണ്ടിയുള്ളതാണ്’. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും വിവരിക്കാനാവാത്ത ആഹ്ലാദത്തിലാണ്.

രണ്ട് മാസം മുമ്പാണ് സണ്ണി ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത്. കഴിഞ്ഞ ദിവസം അതിന്റെ പേപ്പര്‍ ജോലികളെല്ലാം തീര്‍ന്ന് ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയായി. ആ സന്തോഷം പങ്ക് വെയ്ക്കുകയാണ് സണ്ണി ലിയോണ്‍ ദി ക്വിന്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍.

‘എന്റെ ജീവിതത്തിലേക്ക് ഒരു പ്രകാശദീപമായാണ് അവള്‍ കടന്ന് വന്നത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളെല്ലാം അവള്‍ അടിമുടി മാറ്റി. അവളുടെ വിടര്‍ന്ന ചിരിയേക്കാള്‍ ഞങ്ങള്‍ക്കിപ്പോള്‍ വേറെ സന്തോഷമില്ല. ഇനി കുടുംബത്തിന് വേണ്ടിയാകും എന്റെ കൂടുതല്‍ സമയങ്ങള്‍. അവളുടെ ഊണ്, ഉറക്കം, നടത്തം, കളി, സ്‌ക്കൂളില്‍പ്പോക്ക് അതെല്ലാമാണ് ഇനി എനിക്ക് പ്രധാനം.ആ സമയങ്ങളില്‍ ഇനി എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും’. മാറിയ ജീവിതത്തെക്കുറിച്ച് സണ്ണി ലിയോണ്‍ പ്രതികരിക്കുന്നത് ഇങ്ങനെ.

‘വളരെ ചെറിയ പ്രായത്തിലേ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കണമെന്ന് ആഗ്രഹിച്ചതായി ലിയോണ്‍ പറയുന്നുണ്ട്. ഡാനിയേല്‍ ജീവിതത്തിലേക്ക് കടന്നു വന്നപ്പോഴാണ് ആ സ്വപ്നം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. ഇനി അവള്‍ക്ക് സന്തോഷപ്രദമായ ജീവിതത്തിന് വഴിയൊരുക്കലാണ് ജീവിത ലക്ഷ്യം. ലോകപ്രശസ്തമായ പോണ്‍സ്റ്റാര്‍ വാത്സല്യനിധിയായ അമ്മയിലേക്ക് പതുക്കെ പതുക്കെ മാറുന്നതിന്റെ വാക്കുകളാണ് ലിയോണിന്റെ അഭിമുഖം നിറയെ. ഒപ്പം ഇന്ത്യയിലും അമേരിക്കയിലും ദത്തെടുക്കല്‍ പ്രക്രിയ കുറേയധികം ലഘൂകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

‘കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മടുപ്പുളവാക്കുന്ന അഭിമുഖങ്ങള്‍ക്കാണ് ഹാജരാക്കപ്പെടുന്നത്. നീണ്ട കാല താമസങ്ങള്‍ വലിയ തടസ്സമാകുന്നു. അനാഥാലയങ്ങളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധപ്പെട്ട് അപേക്ഷ നല്‍കി കാത്തിരുന്നത് ഞങ്ങള്‍ രണ്ടു വര്‍ഷമാണ്. ഇന്ത്യന്‍ നിയമങ്ങള്‍ കുറേ മടുപ്പിച്ചുവെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷങ്ങള്‍ക്ക് അതിരില്ല’.

‘ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അനാഥാലയങ്ങളില്‍ കഴിയുന്നു. അനപത്യ ദുഖമനുഭവിക്കുന്നവരാകട്ടേ അതിലുമധികം പുറത്ത് കഴിയുന്നു. കുഞ്ഞുങ്ങള്‍ അനാഥമന്ദിരങ്ങളില്‍ നിന്ന് നിറയെ വാത്സല്ല്യമുള്ളവരുടെ കൈകളിലേക്ക് എത്തണം.’ നിയമം നിയമങ്ങള്‍ക്ക് വേണ്ടിയാവരുത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാവണമെന്നും സണ്ണി ഓര്‍മ്മപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here