എല്ലാവരും ദിലീപിന്റെ പിന്നാലെ; ആരോരുമില്ലാതെ നടിയുടെ ആദ്യ ഓണം

കൊച്ചി: മലയാള ചലച്ചിത്രലോകം പതിവില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയിലാണ് ഓണമെത്തിയത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും അതിനു പിന്നില്‍ ദിലീപാണെന്നതും ഞെട്ടലോടെയാണ് ഏവരും കേട്ടതും കണ്ടതും. ദീലീപ് അഴിക്കുള്ളിലായി 50 ദിവസങ്ങള്‍ വരെയും തിരിഞ്ഞു നോക്കാത്ത താരങ്ങള്‍ ഓണക്കാലമായതോടെ കൂട്ടത്തോടെയാണ് ജയിലിലെത്തിയത്.

ജയറാം മുതല്‍ ഗണേഷ് വരെയുള്ള വന്‍ താരനിര തന്നെ ജയിലിലെത്തി ദിലീപിന് ഓണാശംസ നേര്‍ന്നു. പക്ഷെ ആരും അവളുടെ വേദന കാണാനും അവള്‍ക്കൊപ്പം ഓണമാഘോഷിക്കാനും എത്തിയില്ലെന്നതാണ് ദു: ഖകരമായ വസ്്തുത. മലയാള ചലച്ചിത്ര ലോകത്തെ താര റാണിമാരില്‍ ഒരാളായി അവള്‍ മാറിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇക്കാലമത്രയും ആവേശപൂര്‍വ്വമാണ് നടി ഓണമാഘോഷിച്ചിരുന്നത്.

എന്നാല്‍ അക്രമത്തിനിരയായ നടിക്ക് ഇത് ആഘോഷമില്ലാത്ത ഓണക്കാലമായിരുന്നു. സോഷ്യല്‍ മീഡിയിയില്‍ സജീവമല്ലാത്ത നായിക ഇപ്പോള്‍ വാട്‌സ് ആപ്പ് പോലും ഉപേക്ഷിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാ ലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടെയും ഓണാശംസ നടിയെ തേടിയെത്തിയില്ല.

ഓണനാളുകളില്‍ വീട്ടില്‍ അതിഥികള്‍ ആരുമെത്തിയില്ല. അമ്മയ്ക്കും ചേട്ടനുമൊപ്പം സദ്യകഴിക്കുകയായിരുന്നെന്നും നടി. ഒരു ആഘോഷവുമില്ലാതെയും സാധാരണ ദിവസം പോലെയും ഓണനാളുകള്‍ കടന്നുപോകുകയായിരുന്നു. ആക്രമണത്തിനിരയായപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് കൂടെ നിന്ന ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും നടിക്ക് കൂട്ട്.

വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. ജനുവരിയിലാണ് വിവാഹം.

എല്ലാ വര്‍ഷവും ദിലീപിന് ഓണക്കോടി നല്‍കാറുണ്ടെന്ന് വ്യക്തമാക്കി ഇക്കുറി ജയിലിലെത്തി അത് നല്‍കിയ ജയറാമടക്കമുള്ളവര്‍ അവള്‍ക്കെന്തുകൊണ്ട് ഓണക്കോടി നല്‍കാന്‍ പോയില്ലെന്ന ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്. ആക്രമണത്തിനിരയായതിന്‍റെ ഞെട്ടല്‍ ഇപ്പോ‍ഴും ഉള്ളില്‍ പേറുന്ന ആ കുഞ്ഞ് പെങ്ങള്‍ക്ക് മാനസികപിന്തുണ നല്‍കേണ്ടതിനു പകരം അവളുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്തുകയല്ലേ നിങ്ങളൊക്കെ ചെയ്യുന്നത് എന്നാരെങ്കിലും ചോദിച്ചാല്‍ ഉത്തരമെന്തുണ്ട് കയ്യില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here