മുംബൈ സ്‌ഫോടനക്കേസില്‍ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ; അബു സലീമിനും കരിമുള്ള ഖാനും ജീവപര്യന്തം

മുംബൈ :  1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലീമിനും കരിമുള്ള ഖാനും ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവര്‍ക്കും കോടതി രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. മുംബൈ പ്രത്യേക ടാഡ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മറ്റൊരു പ്രതി റിയാസ് സിദ്ദിഖിയ്ക്ക് 10 വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തി. മുംബൈ സ്‌ഫോടനക്കേസിലെ രണ്ടു ഘട്ട വിചാരണയില്‍ അഞ്ചു പ്രതികള്‍ക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്.

കേസിലെ ഏഴാം പ്രതി അബ്ദുള്‍ ഖ്വയമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ മുസ്തഫ ദൂസ്സ വിചാരണയ്ക്കിടെ മരണമടഞ്ഞതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

1993ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്രങ്ങളിലാണ് രണ്ട് മണിക്കൂറിനിടയില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. ആസൂത്രിതമായ സ്‌ഫോടനപരമ്പരയില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ പത്തുവര്‍ഷം മുമ്പ് പൂര്‍ത്തിയായ ഒന്നാംഘട്ട വിചാരണയില്‍ നൂറുപ്രതികളെയാണ് കോടതി ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News