പമ്പയിലെ ആവേശമാവാന്‍ പുതുക്കിപണിത മുണ്ടങ്കാവ് പള്ളിയോടം

മത്സര വള്ളംകളികള്‍ പലപ്പോഴും പണക്കൊഴുപ്പിന്റേതു കൂടിയാണ്. എന്നാല്‍ ആറന്മുള പള്ളിയോടകരകളില്‍ ഇത് അവരുടെ ജീവിതചര്യയുടെ ഭാഗം തന്നെയാണ്. ആറന്മുള ചരിത്രത്തിന്റെ കൂടിഭാഗമാണ് പള്ളിയോട കരകളിലെ വള്ളപ്പെരുമ.  ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ഇവ മുന്നോട്ട് വയ്ക്കുന്നത് ഒരു മതേതര സ്വഭാവമാണ്.

അത് വെളിവാക്കുന്നതായിരുന്നു ജീര്‍ണ്ണാവസ്ഥയിലെത്തിയ ചെങ്ങന്നൂര്‍ മുണ്ടങ്കാവ് പള്ളിയോടത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍. പണിപൂര്‍ത്തിയാക്കി നടനും എം പിയുമായ സുരേഷ്‌ഗോപി പള്ളിയോടം നീറ്റിലിറക്കി.

ജലം വീണ്ടെടുക്കാനുള്ള പോരാട്ടങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ട് മുണ്ടങ്കാവ് പള്ളിയോടത്തിന്. മധുസൂദനന്‍ ജനറല്‍ കണ്‍വീനറായി സമിതിരൂപീകരിച്ച് കക്ഷി രാഷ്ട്രീയ ഭേദമന്യേ നാടൊട്ടുക്ക് പണം ചേര്‍ത്ത് വച്ച് 35 ലക്ഷം ചെലവഴിച്ചാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.

പ്രമുഖ പള്ളിയോട ശില്പി അയിരൂര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പണികള്‍. ചെങ്ങന്നൂര്‍ എം എല്‍ എ അഡ്വ. രാമചന്ദ്രന്‍ നായര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ശബരിമല തന്ത്രി കണ്ഠരര് രാജീവര് ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ നീരണിയല്‍ ചടങ്ങില്‍ പങ്കെടുത്തു.

അക്ഷരാര്‍ത്ഥത്തില്‍ യൗവനം വീണ്ടെടുക്കല്‍ തന്നെയായിരുന്നു പുനരുദ്ധാരണം മുണ്ടങ്കാവ് പള്ളിയോടത്തിന്. ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണനും വൈസ്‌ക്യാപ്റ്റന്‍ അമല്‍ കൃഷ്ണനും ഈ വര്‍ഷത്തെ മത്സരങ്ങളില്‍ പള്ളിയോടത്തെ നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here