ബൈക്ക് മെക്കാനിക്കില്‍ നിന്ന് അധോലോക നായകനിലേക്ക്; ബോളിവുഡ് സുന്ദരികളുടെ കിടപ്പറകളില്‍ നിന്ന് ജയിലിലെ സിമന്റ് തറയിലേക്ക്, ഇവന്റെ പേര് അബു സലീം

വക്കീലായ പിതാവിന് ബൈക്ക് മെക്കാനിക്കായ മകന്‍. ഉത്തര്‍പ്രദേശിലെ അസംഗറില്‍ നിന്ന് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ ബോംബെയിലേക്ക് ചേക്കേറുമ്പോള്‍ അബു സലീമിന് ആകെ കൈമുതലായുണ്ടായിരുന്നത് എന്തും ചെയ്യാനുളള തന്റേടമായിരുന്നു.

ബാന്ദ്രയിലും അന്തേരിയിലും ചെറിയ ഷോപ്പുകളിലെ ജോലി ചെയ്ത് തുടക്കം. സയ്യിദ് തോപ്പിനെ ഒരു ലഹരി മൂത്ത ദിനത്തില്‍ കണ്ടു മുട്ടിയത് ഡി കമ്പനിയിലേക്കുളള ജാലകമായി. പിന്നീട് ഡി കമ്പനിയുടെ ഡ്രൈവര്‍. പൊലീസിനെ വെട്ടിച്ച് വാഹനങ്ങളില്‍ ആയുധമടക്കം കടത്തി അബു സാമാന്‍ എന്ന പുതിയ പേരിന്റെ ഉടമ.

തൊണ്ണൂറുകളുടെ മധ്യത്തില്‍ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജന്‍ ഏറ്റുമുട്ടലുകളില്‍ ദാവൂദിനൊപ്പം അടിയുറച്ചു നിന്നു. ജന്മസ്ഥലമായ അസംഗറില്‍ നിന്ന് ചെറുപ്പക്കാരെ ഇറക്കി കൊലപാതകം നടത്തിച്ച് അപ്പോള്‍ തന്നെ അസംഗറിലേക്ക് തിരിച്ചയച്ച് പൊലീസിനെ വട്ടം ചുറ്റിച്ചതോടെ ദാവൂദിന്റെ സഹോദരന്‍ അനീസിന്റെ മാനസ പുത്രനായി അബു സലീം. സുന്ദരനും നന്നായി സംസാരിക്കുന്നവനുമായ അബു സലീം അങ്ങനെ ദാവൂദ് ഗാങ്ങില്‍ ബോളിവുഡിന്റെ ചുമതലക്കാരനായി. ബോളിവുഡ് താരങ്ങള്‍ക്കായി ഇന്ത്യയിലും പുറത്തും നിരവധി സ്റ്റേജ് ഷോകള്‍ നടത്തി അബു സലീം താരങ്ങള്‍ക്ക് വേണ്ടപ്പെട്ടവനായി. ഹിന്ദി സിനിമകളില്‍ ആരെ അഭിനയിപ്പിക്കണം ആരെ അഭിനയിപ്പിക്കരുത് എന്നതിന്റെ അവസാന വാക്കായി അബു സലീം എന്ന നാമം.

ഗുല്‍ഷന്‍ കുമാര്‍ കൊലപാതകം, രാജീവ് റായ്, രാകേഷ് റോഷന്‍ വധശ്രമങ്ങള്‍ അങ്ങിനെ അബു സലീമുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍. ബോളിവുഡ് മാദകത്തിടമ്പുകളുടെ ‘സല്‍മാന്‍ ഖാന്‍’ ആയിരുന്നു അബു സലീം. സലീമിന്റെ ആനുകൂല്യം പറ്റാത്ത താരസുന്ദരികള്‍ തുലോം ചുരുക്കമായി. 17 വയസുളള ജുമാനിയെ പ്രണയിച്ച് കല്ല്യാണം കഴിച്ച അബു സലീം എന്നാല്‍ മോണിക്ക ബേഡിയില്‍ പൂര്‍ണമായും കുരുങ്ങി. ഛോട്ടാ ഷക്കീലുമായി ഇടഞ്ഞ് ദാവൂദിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട അബു സലീം ദുബൈയില്‍ നിന്ന് മോണിക്കയേയും കൊണ്ടു പറന്നു.

ഇതിനിടക്കാണ് 1993ലെ മുംബൈ സ്‌ഫോടനക്കേസിന്റെ മുഖ്യ സൂത്രധാരരിലൊരാളാകുന്നത്. ദാവൂദുമായി തെറ്റുന്നതിന്റെ മുമ്പായിരുന്നു അത്. സഞ്ജയ്ദത്തിന് എകെ 47 നല്‍കി തന്റെ കരുത്ത് ദാവൂദിന് മുന്നില്‍ തെളിയിക്കാനും അബു സലീമിനായി. എന്നാല്‍ ഛോട്ടാ ഷക്കീലുമായിടഞ്ഞതും ദാവൂദിന്റെ പിന്തുണ ഛോട്ടാ ഷക്കീലിന് ലഭിച്ചതും അബു സലീമിനെ ഒറ്റപ്പെടുത്തി.

അങ്ങിനാണ് മോണിക്കയുമായുളള ഒളിച്ചോട്ടം. അമേരിക്കയിലും പോര്‍ച്ചുഗലിലുമായി ഒളിവു ജീവിതം. 2002ല്‍ ഇന്റര്‍പോള്‍ അബു സലീമിനേയും മോണിക്ക ബേഡിയേയും പിടിക്കുന്നതും ജയിലിലായ ബോളിവുഡ് സുന്ദരി ഒടുവില്‍ അബു സലീമില്‍ നിന്നകലുന്നതും ചരിത്രം.

1993ലെ മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയായ അബു സലീമിനെ ലിസ്ബണ്‍ കോടതി ഇന്ത്യയ്ക്ക് കൈമാറുന്നത് വധശിക്ഷ വിധിക്കില്ല, 25 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ കിടത്തില്ല തുടങ്ങിയ ഉപാധികളോടെയാണ്. 2015ല്‍ ബില്‍ഡര്‍ പ്രദീപ് ജയിന്‍ കൊലപാതകക്കേസില്‍ അബു സലീമിന് ജീവപര്യന്തം തടവ് ലഭിച്ചു.

257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനക്കേസിലെ വിധി വീണ്ടും അബു സലീമിന് ജീവപര്യന്തം നല്‍കിയിരിക്കുകയാണ്. തലോജാ ജയിലില്‍ ഒരു വധശ്രമമടക്കം അതിജീവിച്ച് കഴിയുന്ന അബു സലീമിന്റെ ജയില്‍വാസം ഇനിയും നീളുമെന്നര്‍ത്ഥം.

ഒരു കാലത്ത് ബോളിവുഡിനെ അടക്കി ഭരിച്ച അബു സലീമിന്റെ ആസ്തി 5000 കോടി രൂപയിലധികം വരുമെന്നാണ് പ്രാഥമിക കണക്ക്. എന്നാല്‍ കോടികള്‍ കൊണ്ട് അമ്മാനമാടിയ പഴയ ബൈക്ക് മെക്കാനിക്ക് ഇന്ന് ഇരുമ്പഴികളുടെ കണക്കെടുപ്പ് നടത്തുകയാണ്. അത് ഇനിയും തുടരുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News