
തെന്നിന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ താരമെന്ന വിശേഷണമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഒന്നല്ല പല വട്ടം തെളിയിച്ചിട്ടുണ്ട് ആരാധകരുടെ നയന്‍സ്. തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍ സ്റ്റാര്‍ എന്ന ഖ്യാതി നയന്‍സിനെ തേടിയെത്തിയതിന് പിന്നിലും മറ്റൊന്നല്ല.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മലയാളികളുടെ സ്വന്തം നയന്‍സ് തന്നെയാണ്. നിലപാടിന്റെ കാര്യത്തിലും നയന്‍താര കണിശക്കാരിയാണ്. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന താരം എന്നാണ് പൊതുവെ നയന്‍സ് അറിയപ്പെടുന്നത്. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ നിലപാടൊക്കെ വിഴുങ്ങുന്നവരുടെ കുട്ടത്തിലാണ് താരത്തിന്റെ ഇപ്പോഴത്തെ സ്ഥാനം.
സാധാരണഗതിയില്‍ താന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന്‍ പ്രോഗ്രാമുകളില്‍ താരസുന്ദരി പങ്കെടുക്കാറില്ല. സിനിമയില്‍ ചുവടുവെച്ച കാലം മുതല്‍ തന്നെ ഇക്കാര്യത്തില്‍ നയന്‍സ് ഉഗ്രശപഥം സ്വീകരിച്ചിരുന്നെന്നാണ് ചലച്ചിത്രമേഖലയിലെ സംസാരം. ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ നയന്‍താര ആദ്യം വെയ്ക്കുന്ന നിബന്ധനകളില്‍ പ്രധാനപ്പെട്ടത് സിനിമയുടെ പ്രമോഷന് തന്നെ വിളിക്കരുതെന്നുള്ളതാണ്.
ഏത് ബ്രഹ്മാണ്ഡ ചിത്രമായാലും നയന്‍സ് പ്രൊമോഷന് എത്തില്ല. പലവട്ടം ഇക്കാര്യം താരസുന്ദരി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. സ്വന്തം കാര്യം വന്നപ്പോള്‍ നയന്‍താര തന്റെ ഉഗ്രശപഥമൊക്കെ പാടെ വിഴുങ്ങിക്കളഞ്ഞു. തന്റെ പുതിയ സിനിമയായ ‘അറ’ത്തിന്റെ പ്രൊമോഷന് രംഗത്തിറങ്ങി നയന്‍സ് എവരേയും ഞെട്ടിച്ചുകളഞ്ഞു.
എന്തുകൊണ്ടാണ് താരം ഉഗ്രശപഥം അപ്പാടെ വിഴുങ്ങി രംഗത്തെത്തിയതെന്ന കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. സിനിമയുടെ സാമൂഹിക പ്രസക്തി കണ്ട് രംഗത്തിറങ്ങിയതൊന്നുമല്ല താരം. ‘അറ’ത്തിന്റെ നിര്‍മാതാവ് താന്‍ ആയതുകൊണ്ടാണ് പൊടിയും തട്ടി താരസുന്ദരി രംഗത്തെത്തിയത്. കാശ് സ്വന്തം പോക്കറ്റില്‍ നിന്നാകുമ്പോള്‍ ഉഗ്രശപഥമൊക്കെ സൗകര്യപൂര്‍വ്വം മറക്കാം അല്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
മാനേജരെ ബിനാമിയാക്കിയാണ് നയന്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍കിട സ്വകാര്യ ചാനലാണ് കോടികള്‍ കൊടുത്ത് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ചാനല്‍ നയന്‍സിനെ വരച്ച വരയില്‍ നിര്‍ത്തിയെന്നും പ്രമോഷന് വേണ്ടി എത്തണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് താരം നിലപാട് മാറ്റിയതെന്നാണ് സൂചന.
കളക്ടറുടെ വേഷത്തിലാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയാണ് ‘അറം’. എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇനിയുള്ള ചിത്രങ്ങളുടെ പ്രൊമോഷന് നയന്‍സ് എത്തുമോയെന്നതാണ് ഇനി കണ്ടറിയാനുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here