‘കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചര്‍ എന്തു ചെയ്യും?’

‘കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചര്‍എന്തു ചെയ്യും?’സുഗതകുമാരിക്കെതിരെയുളള ഡോ.പി എസ് ശ്രീകലയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

സുഗതകുമാരിടീച്ചര്‍ ഔദ്യോഗികമായി അധ്യാപികയല്ല. എങ്കിലും അവരെ പൊതുവില്‍ ടീച്ചര്‍ എന്ന് സംബോധന ചെയ്തുവരുന്നു. ടീച്ചര്‍ എന്ന വിശേഷണവും സംബോധനയും അധ്യാപനം ഔപചാരികമായി നിര്‍വ്വഹിക്കുന്നവരെ മാത്രം ഉദ്ദേശിച്ചല്ല തന്നെ. അധ്യാപനം ഒരു തൊഴില്‍ മാത്രമായി കാണുന്നവരും ഒരു വരുമാനമാര്‍ഗം മാത്രമായി കാണുന്നവരും ടീച്ചര്‍ എന്ന വിശേഷണത്തിന് അര്‍ഹരുമല്ല.

അതേ സമയം ഔപചാരികമായി അധ്യാപനം നിര്‍വ്വഹിക്കാതെ തന്നെ സമൂഹത്തെ പഠിപ്പിക്കുന്ന പ്രവണതയുള്ളവര്‍ അത് വാക്കു കൊണ്ടോ ജീവിതം കൊണ്ടോ ആവാം ടീച്ചറാണ്. കവി സുഗതകുമാരിയെ പലരും ടീച്ചര്‍ എന്നു വിളിക്കുന്നത് ആ അര്‍ത്ഥത്തിലാണ്. എന്നാല്‍, നിഷ്പക്ഷമെന്ന കാപട്യത്തില്‍ തന്റെ പക്ഷമൊളിപ്പിക്കുന്നത് ഒരു ടീച്ചറിനും നന്നല്ല.

കേരളത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നും ഭൂതകാല മഹിമകളിലാണ് ആശ്വാസമെന്നും സുഗതകുമാരിടീച്ചര്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ട് കണ്ടു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അവര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്ന് പറയേണ്ടി വരും. കേരളത്തിന്റെ ഭൂതകാലം ‘ ഭ്രാന്താലയ ‘മെന്ന വിശേഷണത്തിന്റേതാണ്. കേരളത്തിന്റെ ഭൂതകാലം സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അനുവാദമില്ലാതിരുന്നതാണ്.

കേരളത്തിന്റെ ഭൂതകാലം തൊട്ടുകൂടായ്മയുടേതാണ്. കേരളത്തിന്റെ ഭൂതകാലം ശൈശവ വിവാഹങ്ങളുടേതാണ്. കേരളത്തിന്റെ ഭൂതകാലം പെണ്‍ശരീരങ്ങള്‍ ജന്മിമാര്‍ക്ക് കാഴ്ചവയ്ക്കപ്പെടേണ്ടി വന്നതാണ്. കേരളത്തിന്റെ ഭൂതകാലം ഇത്തരത്തില്‍ നിരവധി മനുഷ്യത്വമില്ലായ്മകളുടേതാണ്. ആ ഭൂതകാല ‘മഹത്വ’ ങ്ങളെ പിഴുതെറിഞ്ഞാണ് ആധുനിക കേരളം വര്‍ത്തമാനത്തിലെത്തിയത്.

ആധുനിക കേരളം, ഇന്ത്യക്ക് മതനിരപേക്ഷതയുടെ മാതൃകയാണ്, ഭ്രാന്താലയമല്ല. ആധുനിക കേരളം മാറുമറയ്ക്കല്‍ കലാപത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ആധുനിക കേരളം മിശ്രഭോജനത്തിലൂടെ രൂപപ്പെട്ടതാണ്. ആധുനിക കേരളം മനുഷ്യജാതി മാത്രമാണ് പ്രധാനമെന്നു പഠിപ്പിച്ചവര്‍ സൃഷ്ടിച്ചതാണ്. പശുവിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടാത്ത നാടാണ് ഈ കേരളം. തൊണ്ണൂറു ശതമാനത്തിലധികം സ്ത്രീകള്‍ സാക്ഷരരായുള്ള നാടാണ് കേരളം. ആരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും മുന്നിലാണ് ആധുനിക കേരളം .

ഈ കേരളത്തില്‍ പ്രതീക്ഷ ഇല്ലാതിരിക്കുകയും ഭൂതകാലത്തെ വാഴ്ത്തുകയും ചെയ്യുന്നത് ചികിത്സ തേടേണ്ട രോഗമാണ്. സുഗതകുമാരി ടീച്ചര്‍ എഴുതിയിട്ടുണ്ട് ‘മുറിച്ചുമാറ്റാം, കേടു ബാധിച്ചൊരവയവം എന്നാല്‍ കേടു ബാധിച്ച പാവം മനസ്സോ ‘.

സുഗതകുമാരി ടീച്ചറുടെ മനസ്സിന് കേടു ബാധിച്ചിരിക്കുന്നു. ആ മനസ്സിനെ എന്തുചെയ്യും?
ഇപ്പോള്‍, മറ്റൊരു റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കൂടുതല്‍ രോഗാതുരമായിരിക്കുന്നു ആ മനസ്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും ദേശീയതയ്ക്കും വേണ്ടി ധീരനിലപാടെടുത്ത ഒരു സ്ത്രീയെ, ഒരു മാധ്യമ പ്രവര്‍ത്തകയെ വെടിവെച്ചുകൊന്നപ്പോള്‍ ,ആ അരുംകൊലയെ സുഗതകുമാരി ടീച്ചര്‍ കാണുന്നത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളോടൊപ്പമാണ്. ആ കൊലപാതകത്തെ പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരിക്കുന്നവര്‍ക്കെതിരെ ഒരു വാക്കു പോലും കവിയില്‍ നിന്ന് പുറപ്പെടുന്നില്ല.
ഗൗരി ലങ്കേഷ് കേരളത്തിന്റെ മതനിരപേക്ഷതയെ അഭിനന്ദിച്ചു. സുഗതകുമാരി ടീച്ചര്‍ കേരളത്തില്‍ പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് പറയുന്നു. ആരോടൊപ്പമാവണം നമ്മള്‍?
ഇവിടെ, ഈ കേരളത്തില്‍, മനുഷ്യര്‍ക്ക് ഇഷ്ടമുള്ള വസ്ത്രവും ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള മതവും മതമില്ലായ്മയും തെരഞ്ഞെടുക്കാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്നതില്‍ ഗൗരി ലങ്കേഷ് അഭിനന്ദിച്ചു. വാക്കുകളെ വെടിയുണ്ട കൊണ്ടു നേരിടുന്ന നാടും കേരളവും ഒരു പോലെയെന്ന് സുഗതകുമാരി ടീച്ചര്‍. ആരോടൊപ്പമാവണം നമ്മള്‍?
ടീച്ചര്‍, ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട് ഈ കേരളത്തില്‍. ഗൗരി ലങ്കേഷിനും കേരളത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കാവലാവാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരയെ, ധീരയായ മാധ്യമ പ്രവര്‍ത്തകയെ, നിരായുധയായ ഒരു സ്ത്രീയെ ,അവരുടെ വീട്ടിനുള്ളില്‍ കടന്നു ചെന്ന് വെടിവെച്ചുകൊന്ന ഭീരുത്വത്തോട് ഞങ്ങള്‍ക്കു പുച്ഛമാണ്. ആ ഭീരുക്കളെ സംരക്ഷിക്കുന്നവരോട്
ഞങ്ങള്‍ക്ക് അമര്‍ഷമുണ്ട്. അവരെ സംരക്ഷിക്കാന്‍ കേരളത്തിന്റെ അഭിമാനങ്ങളെ തള്ളിപ്പറയുന്നവരോടും ഞങ്ങള്‍ക്ക് സന്ധിയില്ല. സ്റ്റാലിനും ഹിറ്റ്‌ലറും ഒരുപോലെയെന്നും കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതില്‍ നിഷ്പക്ഷതയുടെ പക്ഷം വ്യക്തമായി തെളിയുന്നുണ്ട് ‘ടീച്ചര്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News