നേഴ്‌സുമാരുടെ സമരം ഒരുമാസം പിന്നിട്ടു; തിരിഞ്ഞുനോക്കാതെ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും

കോട്ടയം: പിരിച്ചുവിട്ട നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാര്‍ ആരംഭിച്ച സമരം 33 ദിവസം പിന്നിട്ടു. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് നടത്തിയ സമരത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിട്ടെന്നാരോപിച്ചാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.

അറുപതോളം നേഴ്‌സുമാരാണ് ആശുപത്രിയുടെ മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു പിരിച്ചുവിടല്‍. ഇതിനിടെ ചര്‍ച്ചക്ക് പലതവണ ശ്രമം നടന്നെങ്കിലും സാധിച്ചില്ല.

നേഴ്‌സുമാരുടെ സമരം ഒരുമാസം പിന്നിട്ടിട്ടും സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാകണമെന്നതാണ് നേഴ്‌സുമാരുടെ ആവശ്യം. സമരം നടത്തുന്ന നേഴ്‌സുമാര്‍ക്ക് അവരുടെ കരാര്‍ കാലാവധി അവസാനിച്ചെന്നും, തിരിച്ചറിയല്‍ കാര്‍ഡും മറ്റും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റ് കത്ത് നല്‍കുന്നതായും യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രന്‍ പറഞ്ഞു.

നിലവില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാണ് സമരം നടത്തുന്നത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് യുഎന്‍എ ആലോചിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News