ശതാബ്ദി നിറവില്‍ കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാല

കോട്ടയം: അക്ഷരനഗരിയുടെ അഭിമാനമായി കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാല. ഒരു വീഞ്ഞപ്പെട്ടിയും 25 പുസ്തകവുമായി 1917ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗ്രന്ഥശാലയില്‍ ഇന്ന് ഇരുപത്തിയേഴായിരം പുസ്തകങ്ങളുണ്ട്. നൂറാംപിറന്നാള്‍ ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്ന ഈ ഗ്രന്ഥശാല അക്ഷരനഗരിയുടെ വായനാ പുരോഗതിയില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.

ഒരുഗ്രാമത്തിന് മുഴുവന്‍ അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ കാരാപ്പുഴ ഭാരതിവിലാസം ഗ്രന്ഥശാല ശതാബ്ദിയുടെ നിറവില്‍. ഒരു കാലഘട്ടത്തില്‍ കാരാപ്പുഴ പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രം കൂടിയായിരുന്ന ഗ്രന്ഥശാലയുടെ നൂറാംപിറന്നാള്‍ ആഘോഷമാക്കാനാണ് നാട്ടുകാരുടെയും ഭരണസമിതിയുടെയും തീരുമാനം.

1917ലാണ് ഗ്രന്ഥശാലക്ക് തുടക്കമാകുന്നത്. 1923ഓടെ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സജീവമായി. പന്തളം കേരളവര്‍മ മെമ്മോറിയല്‍ ഫുട്‌ബോള്‍ കഌിന്റെ ഭാഗമായാണ് വായനശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളകാളിദാസ സ്മാരക വാദപ്രതിവാദ സംഘത്തിന്റെ മേല്‍നോട്ടവും ഗ്രന്ഥശാലയ്ക്കുണ്ടായിരുന്നു. വൈഎംഎല്‍എ എന്ന പേരിലായിരുന്നു ഗ്രന്ഥശാല അറിയപ്പെട്ടിരുന്നത്. പിന്നീടാണ് ഭാരതിവിലാസം എന്ന പേര് വരുന്നത്.

ഇടത്തില്‍ നീലകണ്ഠപിള്ള, ഇടത്തില്‍ ഗോപാലന്‍നായര്‍, മാളിയേക്കല്‍ ഗോപാലപിള്ള, ചോതാറയില്‍ രാമുണ്ണിപിള്ള, നാട്ടുകാരത്തില്‍ വാസുകര്‍ത്താവ്, മേക്കാട്ട് മാധവന്‍ നമ്പൂതിരി, ചോതാറയില്‍ വാസുദേവപിള്ള എന്നിവരായിരുന്നു ആദ്യകാല അംഗങ്ങള്‍. ഇവരുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുകയും അംഗങ്ങളുടെ എണ്ണം 51 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ സര്‍ക്കാരിന്റെ ഗ്രാന്റും ലഭ്യമായി.

കാരാപ്പുഴ വലിയവീട്ടില്‍ പുരയിടത്തിലെ പീടിക കെട്ടിടത്തിലായിരുന്നു ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തനം. തിരുവിതാംകൂര്‍കൊച്ചി ഗ്രന്ഥശാല സംഘം രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു പ്രവര്‍ത്തനം. ഗ്രന്ഥശാലയുടെ പുരോഗതിക്കായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കോവിലകത്ത് ഇ എന്‍ രാജരാജവര്‍മയും കോടിയാട്ട് ജി പത്മനാഭനന്‍ നായരും ഭാരവാഹികളായ കമ്മിറ്റിയുടെ പ്രവര്‍ത്തനം എടുത്തു പറയത്തക്കതാണ്.

191792 കാലയളവില്‍ ഗ്രന്ഥശാലയുടെ പഌറ്റിനം ജൂബിലി ആഘോഷം നടന്നു. പി വി ഏബ്രഹാം(പ്രസിഡന്റ്), ടി ജെ ജയകുമാര്‍(സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായ സമിതിയാണ് അന്ന് ഉണ്ടായിരുന്നത്. എ കെ ത്രിവിക്രമന്‍ നായരായിരുന്നു ആഘോഷസമിതിയുടെ ചെയര്‍മാന്‍.

ശതാബ്ദി നിറവില്‍ എത്തിയ വായനശാലയുടെ ഇപ്പോഴത്തെ പ്രസിഡന്റ് വി സി മോഹനനും സെക്രട്ടറി സി എ വിജികുമാറുമാണ്. വായനശാലക്ക് ആയുഷ്‌കാല അംഗങ്ങള്‍ ഉള്‍പ്പെടെ ഇന്ന് 765 അംഗങ്ങളുണ്ട്. കാരാപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടത്തിലാണ് ഗ്രന്ഥശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ശതാബ്ദി ആഘോഷം 11 മുതല്‍ ഡിസംബര്‍ 31 വരെ വിപുലമായി നടത്താനാണ് ഭരണസമിതിയുടെയും നാട്ടുകാരുടെയും തീരുമാനം. ഇതിനായുള്ള 501 അംഗകമ്മിറ്റിയും രൂപീകരിച്ചു. 11ന് പകല്‍ നാലിനു സാംസ്‌കാരിക ബഹുജന റാലിയും വൈകിട്ട് അഞ്ചിന് പൊതുസമ്മേളനവും തിരുവാതുക്കല്‍ കവലയില്‍ നടക്കും. കൂടാതെ ഒരോമാസവും വിവിധവിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും നടക്കും. വനിതാവേദി, യുവജനവേദി, ബാലവേദി എന്നിവയുടെ നേതൃതത്തിലാണ് പരിപാടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here