ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ സ്വന്തം നാട്ടില്‍ നിന്നും ബീഫ് കഴിച്ചിട്ട് ഇന്ത്യയിലെത്തിയാല്‍ മതിയെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. അതേ സമയം ആളുകള്‍ ബീഫ് കഴിക്കുന്നതില്‍ ഇടപെടില്ലന്നായിരുന്നു നാലു ദിവസം മുമ്പ് വരെ കേന്ദ്രമന്ത്രിയുടെ നിലപാട്.

ബീഫ് വിഷയത്തില്‍ നാലു ദിവസത്തിനുള്ളില്‍ രണ്ട് തവണ നിലപാട് മാറ്റി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.വിദേശ വിനോദ സഞ്ചാരികള്‍ ബീഫ് കഴിക്കണമെങ്കില്‍ അത് സ്വന്തം നാട്ടില്‍ നിന്ന് വേണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.വിദേശികള്‍ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേയ്ക്ക് വന്നാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നില നില്‍ക്കുന്ന് ബീഫ് നിരോധനം ടൂറിസത്തെ ബാധിച്ചിട്ടില്ല. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ മുപ്പത്തിമൂന്നാമത്് കണ്‍വെന്‍ഷന്‍ ഒറീസയില്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ബീഫ് നിരോധനത്തെ മന്ത്രി ന്യായീകരിച്ചത്.

എന്നാല്‍ മൂന്ന് ദിവസം മുമ്പ് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബീഫ് കഴിക്കുന്നതില്‍ ഇടപെടില്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ പ്രസ്ഥാവന.കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കും.ബിജെപിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല.ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ബീഫ് യഥേഷ്ട്ടം കഴിക്കുമ്പോള്‍ കേരളത്തില്‍ മാത്രമെന്തിന് പ്രശ്‌നമെന്നായിരുന്നു കണ്ണന്താനത്തിന്റെ ചോദ്യം.

എന്നാല്‍ താന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയില്ലെന്ന് മന്ത്രി ഒറീസയില്‍ പറഞ്ഞു. ഭക്ഷണകാര്യത്തില്‍ പ്രസ്ഥാവന നടത്താന്‍ ഭക്ഷ്യമന്ത്രിയല്ലെന്നും കണ്ണന്താനം വ്യക്തമാക്കി.ബീഫ് കഴിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ മന്ത്രിയുടെ ആദ്യപ്രസ്ഥാവനക്കെതിരെ രംഗത്ത് വന്നതായിരിക്കും നിലപാട് മാറ്റത്തിന് കാരണമെന്ന് സൂചന.