അയാളൊരു ഭ്രാന്തൻ; എന്നെ ഭീഷണിപ്പെടുത്തി വിവാഹം ക‍ഴിച്ചു; അധോലോകവും ബോളിവുഡും ആഘോഷിച്ച അബുസലീം മോണിക്ക പ്രണയകഥ ഇങ്ങനെ

അധോലോകത്ത് സിനിമാ താരത്തിന്‍റെ ഗ്ലാമറുളള കുറ്റവാളിയാണ് മുംബൈ ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബു സലീം.സ്വയം താൻ സൽമാൻ ഖാനാണെന്ന് പറയാനും അബു സലീമിന് മടിയില്ലായിരുന്നു.പ്രശസ്ത മാധ്യമപ്രവർത്തകനും മുംബൈ അധോലോകത്തെ കുറിച്ച് നിരവധി പുസ്തകങ്ങളെ‍ഴുതിയ വ്യക്തിയുമായ ഹുസൈൻ സെയ്ദിയോട് തന്‍റെ കഥ സിനിമയാക്കാനും അബു സലീം ആവശ്യപ്പെട്ടിരുന്നു.മൈ നെയിം ഈസ് അബു സലീം എന്ന പുസ്തകത്തിന്‍റെ രചയിതാവും ഹുസൈൻ സെയ്ദി ആയിരുന്നു.

ബോളിവുഡിനെ അധോലോകത്തിന് കീ‍ഴിൽ കൊണ്ടു വരാൻ സാക്ഷാൽ ദാവൂദ് ഇബ്രാഹിം നിയമിച്ചത് അബു സലീമിനെയായിരുന്നു.താരങ്ങളും താര സുന്ദരികളും ഒന്നുകിൽ അബു സലീമിന്‍റെ അടുത്ത ആളുകളായോ പേടിച്ച് ക‍ഴിയുന്നവരായോ മാറി.സിനിമകളിൽ ആരഭിനയിക്കണം,ആരെ നായികാനായകന്മാരാക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് അബു സലീമായി മാറി.എന്തിന് ആമിർ ഖാന് വധഭീഷണി ഉയർത്താൻ പോലും ഒരു ‍വേള അബു സലീം തയ്യാറായി.

എക്സ്ട്രാ നടിയായിരുന്ന മോണിക്ക ബേഡി നായികയാവുന്നത് അബു സലീമിന്‍റെ കണ്ണിൽ പെട്ടതോടെയാണ്.കാസനോവയായി ബോളിവുഡ് സുന്ദരികൾക്കിടയിൽ പറന്നു കളിച്ച അബു സലീം മോണിക്കയുടെ സർപ്പ സൗന്ദര്യത്തിൽ മയങ്ങി വീണു.പിന്നീട് ഇരുവരും ഒന്നായി.ദാവൂദുമായി തെറ്റി ദുബൈയിൽ നിന്ന് ഒളിച്ചോടുമ്പോ‍ഴും അബു സലീം ഒപ്പം കൂട്ടിയത് സ്വന്തം ഭാര്യയെ അല്ലായിരുന്നു,മോണിക്കയെയായിരുന്നു.

അമേരിക്കയിലും പോർച്ചുഗലിലും ഇരുവരും ഒളിച്ചു താമസിച്ചെങ്കിലും ഒടുവിൽ ഇന്‍റർപോളിന്‍റെ പിടിയിലായി.പിന്നീട് ഇരുവരേയും വ്യവസ്ഥകളോടെ ഇന്ത്യയ്ക്ക് കൈമാറി.കൊലപാതകക്കേസിൽ ജീവപര്യന്തത്തിന് അബുസലീമും പാസ്പോർട്ട് കേസിൽ മോണിക്കയും ജയിലിലായി.ശിക്ഷാ കാലാവധി ക‍ഴിഞ്ഞ് മോണിക്ക പുറത്തിറങ്ങിയത് അബു സലീമിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു.ശിക്ഷ ക‍ഴിഞ്ഞ് പുറത്തിറങ്ങിയ മോണിക്ക മാധ്യമ പ്രവർത്തകരോട് പറഞ്ഞത് അബു സലീം ഒരും കൊടും ഭ്രാന്തനാണെന്നായിരുന്നു.ഇനിയൊരിക്കലും അബു സലീമുമായി യാതൊരു ബന്ധവുമില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹം ക‍ഴിച്ചതെന്നും മോണിക്ക ആരോപിച്ചു.എന്നാൽ ഒരവസരത്തിലും ഇതിനു മറുപടി നൽകാൻ തോക്കു കൊണ്ടു മാത്രം മറുപടി നൽകി ശീലമുളള അബു സലീം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News