‘ഞാന്‍ കഴിക്കുന്നത് എന്റെ ഇഷ്ടഭക്ഷണം’; സംഘികള്‍ക്ക് സുരഭിയുടെ ഗംഭിരമറുപടി

കോഴിക്കോട്: ഓണപരിപാടിക്കിടെ പൊറോട്ടയും ബീഫും കഴിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാര്‍ അനുഭാവികള്‍ക്ക് മറുപടിയുമായി സുരഭി. ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്ന് വ്യക്തമാക്കി. അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും സുരഭി പറഞ്ഞു. ചാനല്‍ പരിപാടി ഓണത്തിന് മൂന്നാഴ്ച മുന്നേ ഷൂട്ട് ചെയ്തതാണെന്നും സുരഭി ദേശാഭിമാനിയോട് പറഞ്ഞു.

പൊറോട്ടയും ബീഫും കഴിച്ചെന്ന് പറഞ്ഞ്, കഴിഞ്ഞദിവസമാണ് സുരഭിക്കെതിരെ അശ്ലീലപരാമര്‍ശങ്ങളുമായി സംഘപരിവാര്‍ അനുഭാവികള്‍ രംഗത്തെത്തിയത്. സംഘി അനുഭാവികളുടെ കാവിപ്പട എന്ന ഗ്രൂപ്പില്‍ വന്ന പോസ്റ്റ് സംഘപരിവാര്‍ അനുകൂലികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. കടുത്ത വര്‍ഗീയ, അശ്ലീലപരാമര്‍ശങ്ങളാണ് ഇവര്‍ നടിക്കെതിരെ നടത്തിയത്.

സുരഭിയുടെ ഓണം എന്ന പേരില്‍ സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കിയായിരുന്നു പരിപാടി. ഓണവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയാണ് സുരഭി ബീഫ് കഴിക്കുന്നത്. ഇതാണ് സംഘിക്കുട്ടന്‍മാരെ ചൊടിപ്പിച്ചത്.

ഓണ പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നാണ് സംഘികളുടെ വാദം. ബീഫ് കഴിച്ചതിലൂടെ നടി ഹിന്ദുക്കളെ അപമാനിച്ചെന്നും ചിലര്‍ വാദിക്കുന്നു. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെ സുരഭി എന്തിനാണ് മാംസം കഴിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

അതേസമയം, ഓണത്തിന് കോഴികറികൂട്ടി ഓണസദ്യയുണ്ണുന്നതിന്റെ ഫോട്ടോ താന്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരുന്നെന്നും സുരഭി പറഞ്ഞു. കോഴികഷ്ണം കൂട്ടി കോഴിക്കോടന്‍ ഓണസദ്യ എന്ന അടികുറിപ്പോടെയായിരുന്നു സുരഭി ഫോട്ടോ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News