
തിരുവനന്തപുരം: ആദ്യം ബീഫ് കഴിക്കുന്നതിന് അനുകൂലമായും പിന്നീട് മറിച്ചും പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഇരുട്ടത്താപ്പ് മൂന്നാം ദിനം പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിനെ പ്രീണിപ്പിച്ചു അധികാരം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെല്ലാം സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍മതിയെന്ന് കണ്ണന്താനം പറഞ്ഞിരിക്കുന്നത്. മലയാളികളെ വഞ്ചിക്കുന്ന മലക്കംമറിച്ചിലാണിത്.
എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് അല്‍ഫോന്‍സ് ചെയ്തത്. സ്വകാര്യത മൗലിക അവകാശമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇഷ്ടഭക്ഷണം കഴിക്കുന്നതും സ്വകാര്യതയാണെന്ന വാദം രാജ്യമെമ്പാടും ഉയര്‍ന്നിട്ടുണ്ട്.
ബീഫ് പ്രിയര്‍ക്ക് ഇഷ്ടഭക്ഷണം കഴിക്കാനും സ്വകാര്യത അനുവദിക്കുമെന്ന വിഷയം കോടതിയുടെ മുന്നില്‍ എത്താനിരിക്കെ കേന്ദ്രമന്ത്രി ബീഫ് അനുകൂല പ്രസ്താവന ഇറക്കിയത് സംഘപരിവാറിന് അംഗീകരിക്കാനിവില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ് അല്‍ഫോന്‍സ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അല്‍ഫോണ്‍സ് ടൂറിസം കേന്ദ്രമന്ത്രിയായത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കേരളത്തിനും വിനോദ സഞ്ചാരത്തിനും ഏറെ തിരിച്ചടിയുണ്ടാക്കുന്ന അഭിപ്രായമാണ് പുതിയ കേന്ദ്രമന്ത്രിയുടെ ആദ്യപ്രസ്താവന. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ബീഫ് വിരുദ്ധ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാണോ എന്നറിയാനാണ് കേരളം കാതോര്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here