ദിലീപിനെ സന്ദര്‍ശിക്കുന്നവര്‍ക്ക് നിയന്ത്രണം; ഇനി അനുമതി കുടുംബാംഗങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും മാത്രം; ഇന്ന് അനുമതി നിഷേധിച്ചത് എട്ടു പേര്‍ക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത കുടുംബാംഗങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും മാത്രമായിരിക്കും ഇനി ദിലീപിനെ സന്ദര്‍ശിക്കാന്‍ സാധിക്കുക. സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്.

ഇന്ന് എട്ടു പേര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയിരുന്നെങ്കിലും ആരെയും അനുവദിച്ചില്ല. ഈ മാസം തുടക്കം മുതല്‍ സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായി ദിലീപിനെ കാണാന്‍ എത്തിയതിനെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ തീരുമാനം എടുത്തത്. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷയാണ് ദിലീപിനെ കാണാന്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കുടുംബാങ്ങളും എത്തി. തിരുവോണ ദിവസം ഓണപ്പുടവയുമായി ജയറാം എത്തി. തുടര്‍ന്ന് നിരവധി സംവിധായകരും സാങ്കേതിക പ്രവര്‍ത്തരും ദിലീപിനെ സന്ദര്‍ശിച്ചു.

കെബി ഗണേഷ് കുമാര്‍ ജയില്‍ ദിലീപിനെ സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരുന്നു. കോടതി വിധിവരും വരെ ദിലീപ് കുറ്റക്കാരനല്ലെന്നും, ദിലീപിന് സിനിമാ രംഗത്തുള്ളവര്‍ പിന്തുണ നല്‍കണമെന്നുമായിരുന്നു ഗണേഷിന്റെ പ്രസ്താവന. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പലരും ദിലീപിനെ കാണാനെത്തിയതെന്ന ആരോപണം നിലനില്‍ക്കെയാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ്, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി പേര്‍ ദിലീപിന് കാണാനായി കഴിഞ്ഞദിവസങ്ങളില്‍ ജയിലിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here