സമരോജ്വല ജീവിതം

പഴയ ചിറക്കല്‍ താലൂക്കിലെ പ്രത്യേകിച്ച് ഇരിക്കൂര്‍ ഫര്‍ക്കയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ സമരാനുഭവങ്ങളിലൂടെയാണ് ചടയന്‍ ഗോവിന്ദനെന്ന കമ്യൂണിസ്റ്റ് പോരാളി വളര്‍ന്നുവന്നത്. പട്ടിണിയുടെയും പരിവട്ടത്തിന്റേതുമായ ഭൂതകാലത്തോട് പടവെട്ടിയാണ് ചടയന്‍ ഗോവിന്ദന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതം ആരംഭിച്ചത്. അക്കാലത്ത് സജീവമായ കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ച പ്രദേശമായിരുന്നു ചിറക്കല്‍ താലൂക്ക്.

ചിറക്കല്‍ താലൂക്കില്‍ അക്കാലത്ത് കൃഷിക്കാരുടെ വ്യത്യസ്തനിലയിലുള്ള നിരവധി സമരങ്ങള്‍ നടക്കുകയുണ്ടായി. പുരകെട്ടിമേയാനുള്ള പുല്ല് പറിച്ചെടുക്കാനുള്ള സമരം, വിളവെടുപ്പുസമരം, കലംകെട്ടുസമരം തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. കേരളചരിത്രത്തിലെതന്നെ ഉജ്വലമായ അധ്യായങ്ങളായിരുന്നു ഇവ ഓരോന്നും. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ ഭരണകൂട ഏജന്‍സികള്‍ ഭീകരമായ കമ്യൂണിസ്റ്റ് വേട്ട അഴിച്ചുവിട്ടിരുന്നു.

പൊലീസ് ഗുണ്ടാവാഴ്ചയെ ചെറുത്ത് കണ്ടക്കൈയില്‍ കൃഷിക്കാര്‍ നടത്തിയ ഉജ്വലസമരം ചടയനെ ആവേശംകൊള്ളിച്ചിരുന്നു. അതുതന്നെയാണ് ചടയന്‍ ഗോവിന്ദനെന്ന മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനെ രൂപപ്പെടുത്തുന്നതിന് വഴിത്തിരിവായ സംഭവവും. പ്രാഥമികവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ചടയന്‍ സാമൂഹ്യപ്രശ്നങ്ങളുടെ കുരുക്കഴിക്കുന്ന വിദഗ്ധനായ സാമൂഹ്യശാസ്ത്രജ്ഞനായി മാറിയത് ജനങ്ങളില്‍നിന്ന് പഠിക്കുകയെന്ന കമ്യൂണിസ്റ്റുചര്യയിലൂടെയാണ്.

വീട്ടിലെ പ്രയാസങ്ങളാല്‍ ചെറുപ്പത്തില്‍തന്നെ അദ്ദേഹത്തിന് തൊഴിലെടുക്കേണ്ടിവന്നു. വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. നന്നേ ചെറുപ്പത്തില്‍തന്നെ ബാലസംഘത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഉപജീവനത്തിനായി നെയ്ത്തുതൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തും രാഷ്ട്രീയകാര്യങ്ങളില്‍ അദ്ദേഹം താല്‍പ്പര്യം നിലനിര്‍ത്തി. അതുവഴി നെയ്ത്തുതൊഴിലാളി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി.

കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയായുധമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചടയന്റെ ജീവിതം കാണിച്ചുതരുന്നുണ്ട്. അക്കാലത്ത് ആ പ്രദേശത്ത് വായനശാലയും ക്ളബ്ബും രൂപീകരിക്കുക തുടങ്ങിയ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഏറെ ശ്രദ്ധിച്ചു. തോപ്പില്‍ ഭാസിയുടെയും മറ്റും നാടകങ്ങള്‍ അവിടത്തുകാര്‍ക്ക് പരിചയപ്പെടുത്തുന്നത് ചടയന്റെ നേതൃത്വത്തിലായിരുന്നു.

നല്ല നാടകനടനെന്ന പെരുമകൂടി ചടയന് ലഭിച്ചിരുന്നു. 1948ല്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ കമ്യൂണിസ്റ്റ് വേട്ടയുടെ ഘട്ടത്തില്‍ റക്കയുടെ കോലൂരി കൈയിലെടുത്ത് പ്രതിരോധഭടനായും അദ്ദേഹം മാറി. പിന്നീട്, അദ്ദേഹമുള്‍പ്പെടെയുള്ള ആളുകള്‍ക്ക് പൊലീസ് വേട്ടയെ നേരിടേണ്ടതായിവന്നു. ചടയന്‍ ഉള്‍പ്പെടെയുള്ള പലരുടെയും വീടുകള്‍ പൊലീസും കോണ്‍ഗ്രസ് ഗുണ്ടകളും റെയ്ഡ് നടത്തുകയും അടിച്ചുതകര്‍ക്കുകയും ചെയ്തു. ഓരോ ഘട്ടത്തിലും സമരമുഖങ്ങളില്‍ വ്യത്യസ്ത മുഖമായി, കരുത്തുറ്റ സാന്നിധ്യമായി ചടയന്‍ മാറുകയായിരുന്നു.

1945ല്‍ അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിന്റെ ഘട്ടത്തില്‍ ജന്മിമാരും മറ്റും പൂഴ്ത്തിവച്ച നെല്ല് പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിതരണം നടത്തുന്ന സമരത്തിനും നേതൃത്വം നല്‍കി. മിച്ചഭൂമിസമരത്തിന്റെ സംഘാടകനായും ചടയനുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധപ്രകടനത്തിനും കണ്ണൂരില്‍ സി കണ്ണനൊപ്പം ചടയനും നേതൃത്വം നല്‍കി. അന്നത്തെ പൊലീസ് ലാത്തിച്ചാര്‍ജില്‍ ചടയന് അടിയേറ്റു. കൂടാതെ നിരവധിതവണ എതിരാളികളുടെ കായികാക്രമണവും നേരിടേണ്ടതായിവന്നു.

1998ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. 1948ല്‍ പാര്‍ടി സെല്ലില്‍ അംഗമായ ചടയന്‍, ’79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. ’85ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. തൊഴിലാളിവര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അനിതരസാധാരണമായ മാതൃകയാണ് അദ്ദേഹം കാട്ടിയത്. കാര്‍ക്കശ്യമാര്‍ന്ന അച്ചടക്കം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ സവിശേഷതയായിരുന്നു. അതാകട്ടെ, ജനങ്ങളെ സംഘടിപ്പിക്കാനുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വഴിയിലൂടെ ആര്‍ജിച്ചതുമാണ്.

സ. ചടയന്റെ ഓര്‍മ പുതുക്കുന്ന വേള രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്കാകെ വലിയ വെല്ലുവിളി നേരിടേണ്ടിവരുന്ന സാഹചര്യമാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഭരണകൂടത്തിന്റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വിയോജിക്കുന്നവരും വിമര്‍ശിക്കുന്നവരും കൊലചെയ്യപ്പെടുന്നു. ഗോവിന്ദ് പന്‍സാരെയും ധാബോല്‍ക്കറും എം എം കലബുര്‍ഗിയും ഒടുവില്‍ ഗൌരി ലങ്കേഷുമുള്‍പ്പെടെയുള്ളവര്‍ അവരുടെ ഇരകളായി.

ന്യൂനപക്ഷങ്ങള്‍, കമ്യൂണിസ്റ്റുകാര്‍, ദളിതര്‍ ഇവരെല്ലാം വേട്ടയാടപ്പെടുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ചെറുതും വലുതുമായ ഭീകര സായുധസംഘങ്ങള്‍ വേഷപ്രച്ഛന്നമായി ഭീകരത സൃഷ്ടിക്കുന്നു. ഞങ്ങളെ എതിര്‍ത്താല്‍ നിങ്ങളുടെ നില ഇതായിരിക്കുമെന്ന് വെടിയുണ്ടയേറ്റു നിലംപതിച്ച മനുഷ്യരെ ചൂണ്ടി അവര്‍ പറയുകയാണ്. പൊതുപ്രസംഗവേദിയില്‍ സമാധാനത്തിന്റെ മുഖംമൂടിയണിഞ്ഞ് സംസാരിക്കുകയും പ്രസംഗശേഷം കൊലപാതകികള്‍ക്ക് പരിശീലനക്ളാസ് എടുക്കുകയുമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഗോഡ്സെയുടെ യഥാര്‍ഥ ശിഷ്യഗണങ്ങളാണെന്ന് പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ അടയാളപ്പെടുത്തുകയാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും അവരുടെ രാഷ്ട്രീയനീക്കത്തിന്റെ ഭീകരത അനുഭവിക്കുന്നുണ്ട്. കപട ആത്മീയ വേഷധാരികളായ ഒരു സംഘത്തിന്റെ നിര്‍ലോഭമായ പിന്തുണ അവര്‍ക്ക് ലഭിക്കുന്നുണ്ട്. അത്തരക്കാരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസ്- ബിജെപി നേതൃത്വം നിര്‍ലജ്ജമായി ന്യായീകരിക്കുന്നതും കാണാന്‍ കഴിയുന്നു.

അതിസമ്പന്നര്‍ക്കുവേണ്ടി അവര്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ സാമ്പത്തികനയം മറ്റൊരു ഭാഗത്ത് നില്‍ക്കുന്നു. കോണ്‍ഗ്രസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയം സമാനമാണ്. ഒരുഭാഗത്ത് കോര്‍പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാന്‍ പര്യാപ്തമായ നിലയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നു, പൊതുവിതരണശൃംഖലയെ ദുര്‍ബലപ്പെടുത്തുന്നു.

അതുവഴി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ അതിഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. കാര്‍ഷികവിളകള്‍ക്ക് വില ലഭിക്കാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ നാമോരുരുത്തരെയും അമ്പരപ്പിക്കുന്നതാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായ നോട്ട് നിരോധനത്തിന്റെ വസ്തുതകള്‍ വെളിച്ചത്ത് വന്നുകൊണ്ടിരിക്കുമ്പോള്‍ മനസ്സിലാകുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും കോര്‍പറേറ്റ് ചങ്ങാത്ത മുഖമാണ്.

അഴിമതിയുടെ പ്രളയമാണ് ബിജെപി ഭരണം രാജ്യത്ത് സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസിനെ കവച്ചുവയ്ക്കുന്നതാണ് സമീപകാല അഴിമതിറിപ്പോര്‍ട്ടുകള്‍. പൊതുമേഖല സ്ഥാപനങ്ങള്‍ ചുളുവിലയ്ക്ക് ബിജെപി സഹയാത്രികരായ സമ്പന്നര്‍ക്ക് എഴുതിക്കൊടുക്കുകയാണ്. ഇന്ത്യന്‍ റെയില്‍വേയും എയര്‍ ഇന്ത്യയും കൈമാറുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നു.

ബിജെപിക്കും ആര്‍എസ്എസിനുമെതിരായി രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമായും സിപിഐ എമ്മാണ്. അതുകൊണ്ടുതന്നെയാണ് സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനത്തെയും ആക്രമിക്കുന്നതിന് ബിജെപി സംഘപരിവാര്‍ നേതൃത്വം നല്‍കുന്നത്.

കേരളത്തില്‍ സമീപകാലത്ത് ആര്‍എസ്എസ് നേതൃത്വത്തില്‍ നടത്തിയ ആക്രമണങ്ങള്‍ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. പലയിടങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യത്യസ്ത സംഘടനകളുടെ പേരിലാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ആര്‍എസ്എസിന്റെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് ബുദ്ധിക്കുറവില്ലാത്ത മനുഷ്യര്‍ക്കെല്ലാം വ്യക്തമാകുന്ന കാര്യങ്ങളാണ്.

എന്നാല്‍, അവരുമായി തങ്ങള്‍ക്ക് പങ്കില്ലെന്ന നുണ ആര്‍എസ്എസ് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എന്നാല്‍, അതിനുശേഷം ഈ ക്രിമിനല്‍ ഭീകരസംഘത്തിന്റെ രക്ഷാകര്‍ത്താക്കളായി എല്ലാവിധ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുക ആര്‍എസ്എസ്- ബിജെപി നേതൃത്വംതന്നെയായിരിക്കും. കേരളത്തിലെ ജനങ്ങള്‍ ഇത്തരം ക്രിമിനല്‍സംഘങ്ങളെ നാടുവാഴാന്‍ അനുവദിക്കില്ലെന്നത് ചരിത്രാനുഭവമാണ്. എന്നാല്‍, ഈ ക്രിമിനല്‍സംഘത്തെ രക്ഷപ്പെടുത്തുന്നതിനുവേണ്ടി സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സിയെ പരസ്യമായിത്തന്നെ ഉപയോഗപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായുള്ള മുഖംമിനുക്കല്‍ പരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള മന്ത്രിസഭാ പുനഃസംഘടന നടന്നുകഴിഞ്ഞു. മന്ത്രിമാരെ മാറ്റിയതുകൊണ്ട് ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. അതിനുവേണ്ടത് സര്‍ക്കാര്‍ നയംമാറ്റുകയാണ്. അതിനാകട്ടെ, കോര്‍പറേറ്റുകളുടെ രാഷ്ട്രീയപാര്‍ടിയായ ബിജെപിക്ക് കഴിയില്ല. അവരെ എതിര്‍ക്കാന്‍ അതേ സാമ്പത്തികനയം പിന്തുടരുന്ന കോണ്‍ഗ്രസിന് കഴിയുകയുമില്ല.

ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കുമാത്രമാണ് ഒരു ബദല്‍നയം മുന്നോട്ടുവയ്ക്കാന്‍ കഴിയുക. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ ബദല്‍നയങ്ങള്‍ നടപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നത്. വന്‍കിട മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന വര്‍ഗീയപ്രസ്ഥാനമായ ബിജെപിയെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും ജനകീയ ഐക്യനിര ഉയര്‍ന്നുവരണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ. ചടയന്‍ ഗോവിന്ദന്റെ സ്മരണ നമുക്ക് കരുത്തുപകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News