”സാര്‍, ഞങ്ങള്‍ ഇന്നും ജീവിക്കുന്നത് ദളിതരായി, ജാതി വിവേചനം അംഗീകരിച്ചേ മതിയാവൂ”; പൊതുവേദിയില്‍ അമീറിനോട് പൊട്ടിത്തെറിച്ച് പാ രഞ്ജിത്ത്; മൈക്ക് പിടിച്ചുവാങ്ങി വൈകാരികപ്രകടനം

ചെന്നൈ: തമിഴ്‌നാട്ടിലെ ജാതിയ വേര്‍തിരിവുകളെ തുറന്നുകാണിച്ച് കബാലി സംവിധായകന്‍ പാ രഞ്ജിത്ത്. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയ്ക്ക് നീതി ആവശ്യപ്പെട്ട് നടന്ന ഒരു സമരപരിപാടിയിലാണ് സംഭവം. അനിതയുടെ ആത്മഹത്യയെ ദളിത് വിഷയമായി ഉയര്‍ത്തി കാണിക്കേണ്ടതില്ലെന്ന സംവിധായകന്‍ അമീറിന്റെ പ്രതികരണത്തോടാണ് രഞ്ജിത്തിന്റെ മറുപടി.


രഞ്ജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
”ഞങ്ങള്‍ ഇന്നും ജീവിക്കുന്നത് ദളിതരായാണ്. ഗ്രാമങ്ങളില്‍ ഇന്നും വേര്‍ വേര്‍തിരിവുണ്ട്. എല്ലായിടത്തും ദളിതര്‍ക്ക് വേറെയിടമാണ്. ഞാനിന്നും ഒരു ചേരിയിലാണ് ജീവിക്കുന്നത്. ഈ വേര്‍തിരിവില്ലാത്ത ഒരു ഗ്രാമമെങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ?”

”ജാതി വിവേചനം നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചേ മതിയാവൂ. അങ്ങനെയല്ലാതെ എത്ര കാലം മുന്നോട്ട് പോകാന്‍ കഴിയും. ഇനിയും എത്രനാള്‍ നിങ്ങള്‍ തമിഴന്‍, തമിഴന്‍ എന്നു പറഞ്ഞ് നടക്കും? ”

”ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് അനിതയെ ദളിത് എന്ന് വിളിക്കണോ എന്നാണ്. നമുക്ക് ഓരോ ഗ്രാമത്തിലൂടേയും പോകാം. എങ്ങനെയാണ് ഞങ്ങളെ ജാതിയുടെ പേര് പറഞ്ഞ് വേര്‍തിരിച്ചിരിക്കുന്നതെന്ന് മനസിലാക്കാം. എന്തിന് ഈ നഗരത്തില്‍ തന്നെ ഒരു ദളിതന് വീട് വാടകയ്ക്ക് നല്‍കാന്‍ എത്ര പേര്‍ തയാറാകും. നീ എന്ത് ഇറച്ചിയാണ് കഴിച്ചത് എന്ന് എത്ര പേര് ചോദിക്കും.”

”അനിതയുടെ മരണത്തിന് ശേഷമെങ്കിലും ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കാന്‍ നാം തയ്യാറാകണം. ജാതിയുടെ പേരില്‍ വേര്‍ തിരിവുകളുള്ള ഈ സമൂഹത്തില്‍ ഒരു ജാതിയും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം.”-രഞ്ജിത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here