
മാമ്പഴ പുളിശ്ശേരി എന്ന് പറയുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ വെള്ളം വരുന്നവരാണ് നമ്മളെല്ലാവരും. ഒരു കാലഘട്ടത്തിന്റെ തേനൂറുന്ന ഓര്‍മ്മകളാണ് മാമ്പഴപുളിശ്ശേരി പലപ്പോഴും സമ്മാനിയ്ക്കുന്നത്.
എന്നാല്‍ നല്ല നാടന്‍ മാങ്ങയാണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാന്‍ മികച്ചത്. കടുക് വറുത്തിട്ട് വെയ്ക്കുന്ന മാമ്പഴപുളിശ്ശേരിയുടെ രുചി എത്ര കാലങ്ങള്‍ കഴിഞ്ഞാലും നാവില്‍ നിന്നും പോവില്ല. എങ്ങനെ സ്വാദൂറുന്ന പഴമയുടെ രുചിക്കൂട്ടായ മാമ്പഴപുളിശ്ശേരി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍ നാട്ടുമാങ്ങ- അരക്കിലോ പച്ചമുളക്- ആറെണ്ണം മുളക് പൊടി- കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍ തൈര്- ഒരു കപ്പ് ഉപ്പ- പാകത്തിന് വെളിച്ചെണ്ണ- വറുത്തിടാന്‍ വറ്റല്‍മുളക്- മൂന്നെണ്ണം കറിവേപ്പില- രണ്ട് തണ്ട് ഉലുവ- പാകത്തിന് തേങ്ങ- അരമുറി ചിരകിയത് ജീരകം- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം
മണ്‍ചട്ടിയിലാണ് മാമ്പഴപ്പുളിശ്ശേരി തയ്യാറാക്കേണ്ടത്.
എങ്കില്‍ മാത്രമേ അതിന്റേതായ രുചിയും ഗുണവും ലഭിയ്ക്കുകയുള്ളൂ. മണ്‍ചട്ടിയില്‍ മാങ്ങ തൊലി കളഞ്ഞ് ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് വേവിയ്ക്കാം.
മാങ്ങ നല്ലതു പോലെ വെന്ത് പാകമാകുമ്പോള്‍ തേങ്ങയും ജീരകവും പച്ചമുളകും അരച്ചത് ചേര്‍ക്കണം. ഇവയെല്ലാം കൂടി നല്ലതു പോലെ തിളച്ച് പാകമായാല്‍ തൈര് ചേര്‍ത്ത് ഇളക്കാം. തിളയ്ക്കുന്നതിനു മുന്‍പ് ഉലുവപ്പൊടിയും ചേര്‍ത്ത്. കറിവേപ്പിലയിട്ട് ഇളക്കി തീയണക്കാം. പിന്നീട് വെളിച്ചെണ്ണയില്‍ കടുക്, മുളക്, കറിവേപ്പില, ഉലുവ എന്നിവ ചേര്‍ത്ത് വറുത്തിടാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here