സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണംവാരാഘോഷത്തിന് പരിസമാപ്തി

തിരുവനന്തപുരം നഗരിയെ താളലയ വര്‍ണ്ണ-വിസ്മയത്തിലാറാടിച്ചാണ് ഓണംവാരാഘോഷത്തിന് പരിസമാപ്തി കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര നടന്നത്.കേരളത്തിന്റെ സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അണിചേര്‍ന്ന 163 ഓളം ഫ്‌ളോട്ടുകള്‍ ഘോഷയാത്രക്ക് മാറ്റേകുകയായിരുന്നു.പന്ത്രണ്ട് സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ ഓണം ഘോഷയാത്രയുടെ നിറമേളങ്ങള്‍ക്ക് ചാരുതയേകി.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചായിരുന്നു വര്‍ണ്ണശബളമായ സാംസ്‌കാരികഘോഷയാത്ര. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിച്ച ഘോഷയാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

ഘോഷയാത്രയുടെ മുന്‍നിരയില്‍അശ്വാരൂഢസേനയായിരുന്നു.മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്‍മാര്‍ അശ്വാരൂഡസേനക്ക് പിന്നിലായി അണിനിരന്നു.ഒപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍, ഓലക്കുടയുമായി അണി ചേര്‍ന്നു.തുടര്‍ന്ന് അണിമുറിയാതെ വേലകളി,ആലവട്ടം,വെഞ്ചാമരം, എന്നീ ദൃശ്യരൂപങ്ങള്‍ ചലനാത്മകമായി.

തലസ്ഥാന നഗരിയെ താളലയ വിസ്മയങ്ങിലാറാടിച്ച് കൊണ്ട് 1000 ല്‍ പരം കലാകാരന്‍മാര്‍ അവതരിപ്പിച്ച ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക കലാ രൂപങ്ങളുടെ അകമ്പടിയോടെ അണിനിരന്ന 163 ഓളം ഫ്‌ലോട്ടുകള്‍ ഘോഷയാത്രയ്ക്ക് മാറ്റ് പകര്‍ന്നു.സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ,പൊതുമേഖലാസ്ഥാപനങ്ങള്‍,ബാങ്കുകള്‍ തുടങ്ങിയവരുടെ ഫ്‌ളോട്ടുകളാണ് ഘോഷയാത്രയില്‍ പങ്കാളികളായത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മിഷനുകളായ സാമൂഹ്യ സുരക്ഷ ,എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരു കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്‌ലോട്ടുകള്‍ ശ്രദ്ധേയമായി.

കേരളീയ കലാരൂപങ്ങളും ഘോഷയാത്രയില്‍ കണ്ണിയായതോടെ കാണികള്‍ക്ക് അത് മനോഹര കാഴ്ചയായി.മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം നിരവധി പേര്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലിരുന്നാണ് ഘോഷയാത്ര ആസ്വദിച്ചത്.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവ- സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.

ഒപ്പനയും, മാര്‍ഗംകളിയും ,ദഫ് മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി സംസ്‌കാര പ്രതീകമായി നൃത്തം വെച്ചു.
പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍ അവതരിപ്പിച്ച കലാവിഭവങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വസന്തോല്‍വത്തിന്റെ വര്‍ണ്ണകാഴ്ചയായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News