നിഗൂഡതകളുടെ കലവറ; ബലാത്സംഗക്കേസില്‍ അ‍ഴിക്കുള്ളിലായ ഗുര്‍മീതിന്‍റെ ആശ്രമത്തില്‍ സ്ഫോടകവസ്തു നിര്‍മ്മാണ കേന്ദ്രം

സിര്‍സ : ബലാത്സംഗക്കേസുകളില്‍ 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ സിര്‍സയിലെ ആസ്ഥാനകേന്ദത്തില്‍ അനധികൃത സ്ഫോടകവസ്തുനിര്‍മാണ ഫാക്ടറി കണ്ടെത്തി. ഗുര്‍മീതിന്റെ മുറിയില്‍നിന്ന് ആശ്രമത്തിലെ സന്യാസിനിമാരുടെ ഹോസ്റ്റലിലേക്കും അഞ്ചുകിലോമീറ്റര്‍ അകലെ റോഡിലേക്കും നിര്‍മ്മിച്ച ഭൂഗര്‍ഭപാതകളും പരിശോധനയില്‍ കണ്ടെത്തി.

പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. സ്ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും എ കെ 47 തോക്കും രജിസ്ട്രേഷനില്ലാത്ത ആഡംബര കാറും നിരോധിത കറന്‍സിയും തിരിച്ചറിയാനാകാത്ത മരുന്നുകളും പിടികൂടി. ആശ്രമത്തിലെ നിരവധി മുറികള്‍ അധികൃതര്‍ അടച്ചുപൂട്ടിയ നിലയിലാണ്. പരിശോധനയുടെ ദൃശ്യങ്ങള്‍ അന്വേഷണസംഘം പകര്‍ത്തി. സമാന്തര പണമിടപാട് നടത്താനായി ഉപയോഗിച്ചിരുന്ന പ്ളാസ്റ്റിക് കറന്‍സികളും പിടിച്ചെടുത്തു. റിട്ട. ജില്ലാ ജഡ്ജി എ കെ എസ് പവാറിനെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചുമതലപ്പെടുത്തി. ആശ്രമത്തിലേക്കുള്ള പ്രവേശം നിരോധിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച സ്ഫോടകവസ്തു ഫാക്ടറി അടച്ചുപൂട്ടി. വെള്ളിയാഴ്ച ആരംഭിച്ച പരിശോധനയില്‍ പൊലീസ്, അര്‍ധസൈനികര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സിര്‍സ നഗരത്തില്‍ 800 ഏക്കറിലാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെകീഴില്‍ 10 സംഘങ്ങളായി തിരിഞ്ഞായിരുന്ന പരിശോധന. നൂറുകണക്കിന് പൊലീസുകാരും പാരാമിലിട്ടറി അംഗങ്ങളും അമ്പതോളം വീഡിയോഗ്രാഫര്‍മാരും പരിശോധകസംഘത്തിലുണ്ടായിരുന്നു.
ആശ്രമത്തില്‍നിന്ന് ലഖ്നൌവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് 14 മൃതദേഹം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനെന്ന പേരില്‍ ലഖ്നൌവിലെ ജിസിആര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് മൃതദേഹങ്ങള്‍ കൈമാറിയത്. മരണസര്‍ട്ടിഫിക്കറ്റോ മരിച്ചയാളിന്റെ തിരിച്ചറിയല്‍ രേഖകളോ നല്‍കാതെയാണിത്. സംസ്ഥാനത്ത് നിരവധി മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിട്ടും ഉത്തര്‍പ്രദേശിലെ സ്വകാര്യമെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയത് ദുരൂഹമാണ്.

ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്ന് അനുയായികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ഗുര്‍മീതിന്റെ രണ്ട് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേരാസച്ചാ സൌദ ആശ്രമത്തിന്റെ പഞ്ച്കുല കേന്ദ്രത്തിന്റെ ചുമതലക്കാരനായ ചാംകൌര്‍ സിങ്, ദാന്‍സിങ് എന്നിവരെയാണ് ചണ്ഡീഗഡില്‍നിന്ന് പിടികൂടിയത്.

രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന കോടതിവിധിയെ തുടര്‍ന്ന് ഡല്‍ഹി അടക്കം അഞ്ചോളം സംസ്ഥാനങ്ങളില്‍ ഗുര്‍മീതിന്റെ അനുയായികള്‍ കലാപം നടത്തി. കോടിക്കണക്കിന് രൂപയുടെ നാശമുണ്ടായി. 38പേര്‍ കൊല്ലപ്പെട്ടു. കലാപം ആസൂത്രിതമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കലാപം നടത്താന്‍ അനുയായികള്‍ക്ക് ഗുര്‍മീത് അഞ്ചു കോടിരൂപ നല്‍കിയതിന്റെ തെളിവും പുറത്തുവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News