ഫുട്‌ബോള്‍ മിശിഹയ്ക്ക് തകര്‍പ്പന്‍ ഹാട്രിക്; മെസിയുടെ ചിറകില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം; റയലിന്റെ സമനില തെറ്റി

നെയ്മര്‍ പോയതോടെ ബാഴ്‌സയുടെ പകിട്ട് നഷ്ടമായെന്ന വിമര്‍ശനങ്ങള്‍ക്ക് ബാഴ്‌സലോണയുടെ തകര്‍പ്പന്‍ മറുപടി. ലയണല്‍ മെസിയെന്ന ഫുട്‌ബോള്‍ മിശിഹ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ലാലിഗയില്‍ ബാഴ്‌സ ചിറകടിച്ചുയര്‍ന്നു. മെസിയുടെ ഹാട്രിക് ഗോളിന്റെ മികവില്‍ എസ്പാനിയോളിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് കറ്റാലന്‍ വമ്പന്‍മാര്‍ തകര്‍ത്തെറിഞ്ഞത്.

ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു പോയന്റുമായി ലാലിഗാ ടേബിളില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്‌സയ്ക്കു വേണ്ടി പിക്വെയും സുവാരസും ലക്ഷ്യം കണ്ടു. 26ആം മിനുട്ടില്‍ റാകിടിചിന്റെ പാസില്‍ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോള്‍ പിറന്നത്. 35ആം മിനുട്ടില്‍ ജോര്‍ദി ആല്‍ബയുടെ പാസില്‍ നിന്ന് മെസ്സി കളിയിലെ തന്റെ രണ്ടാം ഗോള്‍ നേടി.

ജോര്‍ദി ആല്‍ബ തന്നെയായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളിനും അവസരം ഒരുക്കിയത്.

ഫുട്‌ബോള്‍ ജീവിതത്തിലെ 42ആം ഹാട്രിക്ക് കൂടിയാണ് കാല്‍പന്തുലോകത്തെ മായാജാലക്കാരന്‍ സ്വന്തമാക്കിയത്. ഡെംബലെ ബാഴ്‌സ ജേഴ്‌സില്‍ അരങ്ങേറിയെന്നതും മത്സരത്തിന് സവിശേഷത നല്‍കി. സുവാരസ് നേടിയ ഗോളിന് അവസരം ഒരുക്കികൊണ്ട് ഡെംബലെ അരങ്ങേറ്റം ഗംഭീരമാക്കി.

അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സമനിലക്കുരുക്കില്‍ പെട്ടു. റയല്‍ ലാവന്തെ പോരാട്ടം ഒരോഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ അത്‌ലറ്റിക്കോ വലന്‍സിയ പോരാട്ടം ഗോള്‍രഹിതമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News