“എആര്‍ റഹ്മാന് മൂല്യബോധമുണ്ട്.. വര്‍ഗ്ഗീയവാദികള്‍ക്ക് ചാവും വരെ മനസ്സിലാവാത്ത സാധനമാണത്” വൈറലായ കുറിപ്പ്

മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്‍റെ കൊലപാതകത്തിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്ത് വന്നതോടെ എആര്‍ റഹ്മാനെതിരെ സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ അനുകൂലികളുടെ ആക്രമണം കടുത്തിരിക്കുകയാണ്. സംഘി അനുകൂലികളുടെ ആക്രമണങ്ങള്‍ക്കിടെ എആര്‍ റഹ്മാനെക്കുറിച്ച് ശ്രീഹരി ശ്രീധരന്‍ എ‍ഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

സംഗീത സംവിധായകന്‍ എന്നതിനപ്പുറം സഹജീവി സ്നേഹവും മൂല്യബോധവും കാത്തുസൂക്ഷിക്കുന്ന എആര്‍ റഹ്മമാനെക്കുറിച്ചാണ് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. എആര്‍ റഹ്മാനെയും ഗായിക മിന്‍മിനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. എആര്‍ റഹ്മാന്‍റെ പാട്ട് പാടി മികച്ച ഗായികയെന്ന പേരെടുത്ത ശേഷം പിന്നീട് മിന്‍മിനിക്ക് ശബ്ദം നഷ്ടപ്പെടുന്നു.

ഇതോടെ അവസരങ്ങളും കുറയുന്നു. ശരിയായി സംസാരിക്കാന്‍ പോലും ക‍ഴിയാതെ വീട്ടിലിരിക്കുന്ന മിന്‍മിനിയെ റഹ്മാന്‍ വിളിക്കുകയും ഓരോ വാക്കുകളായി പാടിപ്പിച്ച് പാട്ട് റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയ കാര്യവും പോസ്റ്റില്‍ വിവരിക്കുന്നു. റഹ്മാനെ പേടിപ്പിക്കാനിറങ്ങിയവരെ കണക്കിന് പരിഹസിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റില്‍. റഹ്മാന് മൂല്യബോധം എന്നൊന്നുണ്ട്…

വര്‍ഗീയവാദികള്‍ക്കും അസഹിഷ്ണുതയുടെ രാഷ്ട്രീയം കൊണ്ടു നടക്കുന്നവര്‍ക്കും ചാവും വരെ അത് മനസ്സിലാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താ‍ഴെ… മിന്‍മിനി ശബ്ദം നഷ്ടപ്പെട്ടിരിക്കുന്പോള്‍ പാടി റെക്കോര്‍ഡ് ചെയ്ത കറുത്തമ്മ എന്ന ചിത്രത്തിലെ പച്ചകിളി പാടും എന്ന പാട്ടും കാണാം….

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഹീറോയിസം എന്നൊന്ന് ലോകത്ത് ഉണ്ട് എന്ന് ദീപക് ശങ്കരനാരായണൻ ഇടക്കിടെ പറയാറുണ്ട്. ചെറുതും വലുതുമായ രീതിയിൽ പല മനുഷ്യരും ഹീറോകളാകും. സഹജീവികൾക്ക് വേണ്ടി പെട്ടെന്നങ്ങ് ഉയരും.
എന്റെ സങ്കല്പത്തിലെ ഹീറോകളിൽ ഒരാളാണ് എ.ആർ. റഹ്മാൻ. ഉൾവലിഞ്ഞ് ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ ആത്മപ്രശംസയുമായി റഹ്മാൻ മാധ്യമങ്ങൾ കയറി ഇറങ്ങുന്നത് കാണാറില്ല. അത് കൊണ്ട് അയാളുടെ ഒരു കഥ ഞാൻ അങ്ങ് പറയാം. ഏതായാലും കഥ പറയാൻ ഇരിക്കുന്നു. അപ്പോ ഇത്തിരി ഡ്രാമ ഇരിക്കട്ടെ. ഡ്രമാറ്റിക് ആയിട്ടല്ലാതെ കഥ പറയാൻ ഒരു രസമില്ല. അത് കൊണ്ടാണ്. സഹിക്കുക.
പ്രൊലോഗ് :
ഫോൺ മിന്മിനിയുടെ വീട്ടിൽ പതിവിൽ കുറഞ്ഞു മാത്രം ശബ്ദിച്ചിരുന്ന കാലം. പാടാനുള്ള കഴിവ് നഷ്ടപ്പെട്ട മിന്മിനി. സംസാരിക്കാൻ തന്നെ പ്രയാസം. റെക്കോഡിങ്ങുകളില്ല. ഗാനമേളകളില്ല. ആ ദിനങ്ങളിൽ ഒരിക്കൽ മിന്മിനിയ്ക്ക് ഒരു ഫോൺ വരുന്നു.
“ഹലോ”
“മിന്മിനി ഇത് ഞാനാണ്, റഹ്മാൻ”
അസിസ്റ്റന്റ് സ്റ്റുഡീയോ മാനേജറോ അല്ല, റഹ്മാൻ നേരിട്ടാണ് വിളിക്കുന്നത്. മിന്മിനിയെ പുതിയ സിനിമയിലേക്ക് പാടാൻ വിളിക്കാൻ.
ഒന്ന് :
ഒന്നു രണ്ട് മലയാളസിനിമകളിൽ മിന്മിനി പാടിത്തുടങ്ങിയ കാലം. ഗാനമേളകളാണ് കൂടുതലും. അങ്ങനെ പതുക്കെ മിന്മിനി ചെന്നയിൽ എത്തുന്നു. ഇളയരാജായുടെ സ്റ്റുഡിയോവിൽ. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത മിന്മിനിയെ രാജ ടീമിലേക്ക് സെലക്റ്റ് ചെയ്യുന്നു. സ്വന്തം സ്റ്റുഡിയോവിൽ കുറച്ച് പാട്ടുകൾ ഒക്കെ പാടിച്ച് തുടങ്ങുന്നു. കൂടെ ചെറിയ മറ്റു ചില റെക്കോഡിങ്ങുകളും ഗാനമേളകളും. ഈ സീനോക്കെ ഈ കഥയിൽ ഒരു പാട്ടിന്റെ ബാക്ഗ്രണ്ടിൽ എളുപ്പത്തിൽ അങ്ങ് പറഞ്ഞ് പോവുന്നു എന്ന് കരുതിയാൽ മതി. അക്കാലത്തൊരിക്കലാണ് മിന്മിനി റഹ്മാനെ ആദ്യമായി കാണുന്നത്. ഒരു സ്റ്റുഡിയോവിലെ ടെക്നീഷ്യൻ. ആരോടും അധികം മിണ്ടാത്ത ഒരാൾ. ഒരു റെക്കോഡിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ മിന്മിനിയെ അയാൾ കാത്തിരുന്ന് അഭിനന്ദിക്കുന്നു. “നല്ലാ പാടിയിറുക്ക്..” അധികമൊന്നുമില്ല.
രണ്ട് :
പരസ്യജിംഗിളുകൾ ചെയ്തും മറ്റും കഴിഞ്ഞിരുന്ന റഹ്മാൻ സ്വതന്ത്രസംഗീതസംവിധായകൻ ആവുകയാണ്. മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂടെ. ഒരു ദിവസം അർജുനൻ മാഷ് വന്ന് മിന്മിനിയെ ടാക്സിയിൽ കൂട്ടിക്കൊണ്ട് പോകുന്നു. തന്റെ പ്രിയപ്പെട്ട പയ്യൻസിന്റെ സ്റ്റുഡിയോവിലേക്ക്. റഹ്മാന്റെ ആദ്യഗാനം പാടിക്കുവാൻ. “ചിന്ന ചിന്ന ആസൈ” എന്ന ആ പാട്ട് പാടിക്കഴിഞ്ഞപ്പോൾ മിന്മിനിയ്ക് അങ്ങനെ അത്ഭുതകരമായി ഒന്നും തോന്നിയില്ല.
സമാനമായ അനുഭവം ഉണ്ണി മേനോൻ പിന്നീട് ഓർക്കുന്നുണ്ട്. റഹ്മാന്റെ സ്റ്റുഡിയോവിൽ ചെന്ന് ഉണ്ണി മേനോൻ പാടുന്നു. “പുതു വെള്ളൈ മഴൈ” എന്ന പാട്ടിന്റെ ആൺശബ്ദം. വല്യ തെറ്റില്ല എന്നേ ഉണ്ണി മേനോനു തോന്നിയുള്ളൂ. പിന്നീട് ഓഡിയോകാസറ്റ് ഇറങ്ങിയപ്പോൾ തന്റെ പാട്ട് എങ്ങിനെ ഉണ്ട് എന്നറിയാൻ ഉണ്ണി മേനോൻ കാസറ്റ് വാങ്ങി ഹെഡ്ഫോൺ വെച്ച് ഒന്ന് കേട്ടു നോക്കുന്നു. മേനോന്റെ തന്നെ വാക്കുകളിൽ – ‘ ആ പാട്ട് മിക്സിങ്ങ് കഴിഞ്ഞപ്പോഴേക്കും ഒരു സംഭവം ആയിരിക്കുന്നു’ . ഇത് വരെ പരിചിതമല്ലാത്ത അത്ഭുതകരമായ ഓർകസ്ട്രേഷൻ.
മിന്മിനിയെയും കാത്തിരുന്നത് അത്തരം ഒരു അത്ഭുതമായിരുന്നു.
മൂന്ന്
റോജ സിനിമയുടെ ഓഡിയോ കാസറ്റ് ഇറങ്ങിയ ഉടൻ തന്നെ വമ്പൻ ഹിറ്റായി മാറി. തമിഴ്നാട്ടിലും സമീപപ്രദേശങ്ങളിലും എവിടെയും റോജായിലെ പാട്ടുകൾ മാത്രം. അതിൽ ഏറ്റവും ലളിതമായ ആദ്യത്തെ പാട്ട്, മിന്മിനിയുടെ ശബ്ദത്തിൽ, ചിന്നച്ചിന്ന ആസൈ, ഒരു ഓവർനൈറ്റ് സെൻസേഷൻ ആയി മാറി. ആ പാട്ട് കേൾക്കാത്ത ഇടങ്ങളില്ല എന്നായി. മിന്മിനി ഗായിക എന്ന നിലയിൽ താരമായി മാറി. മിന്മിനി അതത്ര മനസിലാക്കിയിരുന്നില്ല. പക്ഷെ ഇളയരാജാ മനസിലാക്കിയിരുന്നു.
അടുത്ത തവണ പതിവുപോലെ ഇളയരാജായുടെ റെക്കോഡിങ്ങിനു എത്തിയ മിന്മിനി. റിഹേഴ്സൽ കഴിഞ്ഞിരിക്കണം. ഗായകൻ മനോയോടൊപ്പം മൈക്കിനു മുന്നിൽ. പെട്ടെന്ന് സ്പീക്കറിൽ ഇളയരാജയുടെ ക്രുദ്ധമായ ശബ്ദം ഉയർന്നു.“നീ എത്ക്ക് അങ്കെ ഇങ്കെ എല്ലാം പോയി പാടുന്നു. നീ ഇങ്കെ മട്ടും പാടണം.”
എല്ലാവരും കേൾക്കെ ആണ് ഈ ഒച്ചയെടുക്കൽ. അതും സ്പീക്കറിലൂടെ. ഓർക്കാതിരിക്കെ ആയിരുന്നു ഈ അനുഭവം.
അതോടെ ഇളയരാജാ സിനിമകളിൽ മിന്മിനിയുടെ ശബ്ദത്തിനു പ്രാധാന്യം കുറഞ്ഞു. പക്ഷെ ഇന്ത്യയൊട്ടുക്കും മിന്മിനി താരമായിക്കഴിഞ്ഞിരുന്നു.
നാല്.:
റഹ്മാന്റെ തന്നെ “പാക്കാതെ പാക്കാതെ” എന്ന പാട്ട് ഹിറ്റായപ്പോൾ ജാനകി തന്നെ നേരിട്ട് മിന്മിനിയെ വിളിച്ച് അഭിനന്ദിച്ചു. “ യാർ ഇന്ത പാട്ട് പാടിയത്, നീയാ ഇല്ലെ നാനാ” എന്നായിരുന്നു ജാനകി ചോദിച്ചത്.
ഇന്ത്യയൊട്ടുക്കും റെക്കോഡിങ്ങും ലോകത്തെല്ലാം ഗാനമേളകളും ആയി തിരക്കിട്ട് ഓടിപ്പാഞ്ഞ് കഴിയവെ, മിന്മിനിയുടെ ശബ്ദം നഷ്ടപ്പെടുന്നു. ഒരു ഗാനമേളയ്ക്കിടെ സ്റ്റേയ്ജിനു പിന്നിൽ കുഴഞ്ഞു വീണ മിന്മിനി പിന്നെ പാടിയില്ല. ചികിൽസയിലൂടെ ഒന്നോ രണ്ടോ വാക്കുകൾ മാത്രം സംസാരിക്കാൻ മാത്രം സാധിക്കുന്ന അവസ്ഥ എത്തി.
മിന്മിനി എന്ന ഗായിക കലാരംഗത്ത് നിന്നും അപ്രത്യക്ഷ ആയി.
അവസാനം :
“ഹലോ”
“മിന്മിനി ഇത് ഞാനാണ്, റഹ്മാൻ”
മൗനം.
“എന്റെ പുതിയ സിനിമയിൽ മിന്മിനി പാടണം. സ്റ്റുഡിയോവിലേക്ക് വരണം”
ശബ്ദമില്ല എന്ന് മിന്മിനി.
“ഇപ്പോൾ ഹലോ എന്ന് പറഞ്ഞില്ലേ. ആ ശബ്ദം മതി പാടാൻ.”
കഷ്ടി ഓരോരോ വാക്കു പറയുന്ന ഞാൻ എങ്ങിനെ പാട്ടുപാടും!
“ഓരോരോ വാക്കായി പതുക്കെ പാടിയാൽ മതി.”
എത്ര നേരം വേണ്ടി വരും അങ്ങിനെ ഒരു പാട്ടുപാടാൻ. അങ്ങിനെ റെക്കോഡ് ചെയ്യാൻ എങ്ങിനെ സാധിക്കാനാണ്.
“മിന്മിനീ…” റഹ്മാൻ പറഞ്ഞു. “ഇത് എന്റെ സ്റ്റുഡിയോ ആണ്. ഇവിടെ സമയത്തിനു പരിമിതിയില്ല. അഥവാ ഉണ്ടെങ്കിൽ അത് ഞാനാണ് തീരുമാനിക്കുന്നത്. റെക്കോഡ് ചെയ്യാൻ ഒരാഴ്ച എടുത്താലും ആരും ഒന്നും പറയില്ല.”
അങ്ങിനെ പത്ത് പതിനൊന്ന് മണിക്കൂറെടുത്ത് ഓരോ വാക്കുകളായി മിന്മിനിയെക്കൊണ്ട് പാടിച്ച് അവയെല്ലാം കൂടിച്ചേർത്ത് ഒട്ടിച്ചെടുത്ത് റഹ്മാൻ പാട്ടുണ്ടാക്കി റിലീസ് ചെയ്തു. അത് ഹീറോയിസം. റഹ്മാന്റെ ഒരു സ്റ്റേയ്റ്റ്മെന്റ് ആയിരുന്നു ആ റെക്കോഡിങ്ങ്. തന്റെ ആദ്യപാട്ടുപാടിയ ഗായികയോടുള്ള കമിറ്റ്മെന്റ്. പ്രഫഷണൽ ജെലസിയോടുള്ള ക്രിയേറ്റീവ് ആയ ഒരു മറുപടിയും.
ന്നിട്ട്:
റഹ്മാനെ പേടിപ്പിക്കാൻ സംഘികൾ കുറേയെണ്ണം ഫേസ്ബുക്കിലൂടെ ഇറങ്ങിയിരിക്കുന്നു എന്നറിഞ്ഞു. നടക്കും നടക്കും. ഒവ്വ്. ഇന്റഗ്രിറ്റി എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട് മക്കളേ. മൂല്യബോധം. വർഗീയവാദികൾക്കും അസഹിഷ്ണുതയുടെ രാഷ്ട്രീയം കൊണ്ടു നടക്കുന്നവർക്കും ചാവും വരെ മനസിലാവാത്ത ഒരു സാധനമാണത്. റഹ്മാനതുണ്ട്. നിങ്ങൾക്ക് മനസിലാകില്ല.
കട:
വിവരങ്ങൾ രണ്ടു മൂന്നു വർഷം മുൻപ് മാധ്യമം വാരികയിൽ വന്ന മിന്മിനിയുടെ അഭിമുഖസംഭാഷണത്തിൽ നിന്നും. റഹ്മാന്റെ പാട്ട് തപ്പിയിട്ട് കിട്ടുന്നില്ല. ഓർമയുള്ളവർ/ലിങ്ക് കയ്യിൽ ഉള്ളവർ പങ്ക് വെയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News