പ്രതിസന്ധികളില്‍ തളരരുത്; വിജയം കാത്തുനില്‍പ്പുണ്ട്; ആത്ഹത്യ ഒന്നിനും പരിഹാരമല്ല; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം:  ലോക ആത്മഹത്യാ വിരുദ്ധദിനത്തില്‍ പ്രത്യാശയുടെ പാഠം പകര്‍ന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ സാധിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി  ആത്ഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ന് ലോക ആത്മഹത്യാ വിരുദ്ധ ദിനമാണ്.
പ്രതിസന്ധികളിലും നിരാശയിലും പെട്ട് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സഹജീവികളോട് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ജീവിതത്തിലേക്ക് അവരെ തിരിച്ചുനടത്തുകയും ചെയ്യാൻ ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിൽ ഇടപെടുവാനാണ് ഇപ്രാവശ്യത്തെ ലോക ആത്മഹത്യാ വിരുദ്ധദിനം നമ്മോട് ആവശ്യപ്പെടുന്നത്. “Take a minute, change a life” എന്ന ലോക ആത്മഹത്യാ വിരുദ്ധ ദിന മുദ്രാവാക്യം ഏറ്റെടുത്ത് മുന്നോട്ടുപോകാൻ നമുക്കാവണം എന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ലോകത്താകെ പല കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യരുടെ എണ്ണം പ്രതിവർഷം 8 ലക്ഷത്തോളമാണ്. അതിൽ തന്നെ 17 ശതമാനം ഇന്ത്യയിലാണെന്ന് കണക്കുകൾ പറയുന്നു. ദേശീയതലത്തിൽ ആത്മഹത്യയിൽ ഒന്നാം സ്ഥാനം കേരളത്തിനായിരുന്നുവെന്നത് നമ്മെ ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രവണത ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട്. പുതിയ കണക്കുകൾ പ്രകാരം കേരളം എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ പത്ത് വർഷമായി കുടുംബ ആത്മഹത്യയുടെ കണക്കിലും സംസ്ഥാനത്ത് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പക്ഷെ ഇതുകൊണ്ടായില്ല, ആരും ആത്മഹത്യ ചെയ്യാത്ത നാടായി നമുക്ക് മാറാനാവണം.

പ്രശ്നങ്ങളെയും നിരാശകളെയും തരണം ചെയ്ത് വിജയം നേടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഉയർന്ന മാനസിക ആരോഗ്യത്തിലൂടെയും ചിന്താ ശേഷിയിലൂടെയും പ്രതിസന്ധികളെ മറികടന്ന് ജീവിതം പൂർണ്ണ അർത്ഥത്തിൽ സഫലീകരിക്കാൻ നമുക്ക് കഴിയണം. എന്ത് കാരണമുണ്ടെങ്കിലും ആത്മഹത്യ ഒരു പരിഹാരമല്ല എന്ന ചിന്ത സമൂഹത്തിൽ ഉണ്ടാകണം. സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനുള്ള ധൈര്യം ഉണ്ടാവുകയാണ് വേണ്ടത്.

വ്യക്തിപരവും കുടുംബപരവും ആയ വിഷയങ്ങളിലെല്ലാം സഹാനുഭൂതിയോടെയും പരസ്പര വിശ്വാസത്തോടെയും സഹായിക്കാനാവണം. സാമൂഹ്യതലത്തിൽ ആത്മഹത്യാ സാഹചര്യങ്ങൾ ഒഴിവാക്കുന്നതരത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. പലതരത്തിലുമുള്ള സങ്കുചിതമായ വിവേചനങ്ങൾ ഒഴിവാക്കാനാകണം. മനുഷ്യരെ ആത്മഹത്യയിലേക്ക് നയിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ഒഴിവാക്കപ്പെടണം. കഴിഞ്ഞ പത്തു പതിനഞ്ച് വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം മൂന്നുലക്ഷത്തിലധികം വരുമെന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News