‘ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ….’ കരിഓയില്‍ പ്രയോഗം നടത്തിയവരെ പരിഹസിച്ച് ശ്രീനിവാസന്‍

കണ്ണൂര്‍: തന്റെ വീടിനുനേരെ കരിഓയില്‍ പ്രയോഗം നടത്തിയവരെ പരിഹസിച്ച് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചവര്‍ക്ക് പെയിന്റിംഗ് ജോലി അറിയാമെന്നും മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെ എന്നും ശ്രീനിവാസന്‍ പറഞ്ഞു.

ശ്രീനിവാസന്റെ വാക്കുകള്‍: ‘ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളത്. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ട്.’

ശ്രീനിവാസന്റെ കൂത്തുപറമ്പ പൂക്കോടുള്ള വീടിന് നേരെയാണ് കരിഓയില്‍ പ്രയോഗം നടന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായി ശ്രീനിവാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക് നില്‍ക്കുന്ന ആളല്ല ദിലീപെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. സാമാന്യബുദ്ധിയുള്ള ആളാണ് ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയും മുന്‍പ് ആരുടെ മേലും കുറ്റം കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്നും ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here