രണ്ടാം കല്യാണത്തിന് പണയവസ്തുവായി മീനാക്ഷിയെ ക്യാമറക്ക് മുന്നില്‍ കൊണ്ടുവന്നത് ദിലീപ്: അതും പ്രണയസാഫല്യത്തിന് മകളെക്കൊണ്ട് മറ്റൊരു ഭാഷ്യം തീര്‍ക്കാന്‍: ഒരു മറുപടി

ദിലീപിന്റെ മകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന ഉണ്ണി ആറിന്റെ പരാമര്‍ശനത്തിനെതിരെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

കഥാകൃത്തും ,മുൻ മാധ്യമപ്രവർത്തകനുമായ ഉണ്ണി .ആർ . വായിച്ചറിയാൻ ..

മാധ്യമ പ്രവർത്തകരോട് ക്ഷമാപണത്തോടെ ഉണ്ണി എഴുതിയ കുറിപ്പ് ക്ഷമയോടെ തന്നെ വായിച്ചു .
അതിൽ പറയുന്ന സ്വകാര്യതയുടെ അതിരുകളെ ബഹുമാനിക്കുന്നു .മാധ്യമപ്രവർത്തകർ ലോകമെങ്ങും 
ആ അതിരുകൾക്കുള്ളിലേക്ക് ഒളിഞ്ഞുനോക്കുന്നുവെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു .
നമ്മൾ ഒന്നിച്ചു മാധ്യമപ്രവർത്തനം നടത്തിയിരുന്ന കാലത്തിനു മാറ്റമൊരുപാട് സംഭവിച്ചതിനാലും ,ഉണ്ണി ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്ന സിനിമാ രംഗത്തെന്നപോലെ ഈ മേഖല യിലും മത്സരം കടുത്തതാണ് എന്നതിനാലും മൂല്യങ്ങൾ മുറുകെപ്പിടിച്ചുള്ള മാധ്യമ പ്രവർത്തനം തികച്ചും അപ്രായോഗികമാണെന്ന് താങ്കൾക്കും ബോധ്യമുണ്ടാകുമല്ലോ.

ഉണ്ണിയെ ഇത്തരമൊരു കുറിപ്പിന് പ്രേരിപ്പിച്ച സംഭവത്തിലേക്ക് വരാം.ജയിലിൽ കഴിയുന്ന സിനിമാ നടൻ ദിലീപിന്റെ മകൾക്ക് അർഹമായ സ്വകാര്യതയെ മാധ്യമപ്രവർത്തകർ ഇല്ലാതാക്കുന്നു എന്ന ആശങ്ക തീർച്ചയായും ശരിയാണ് .അച്ഛനെക്കാണാൻ രണ്ടാനമ്മയ്ക്കൊപ്പം ജയിലിൽ എത്തിയപ്പോഴും ,മുത്തച്ഛന്റെ ശ്രാദ്ധത്തിനു അച്ഛന് പിറകിൽ അനുഗമിക്കുമ്പോഴും മാധ്യമക്കണ്ണുകൾ മീനാക്ഷിക്ക് പിന്നാലെയുണ്ടായിരുന്നു.

അത് സ്വാഭാവികമല്ലേ ഉണ്ണി? ദിലീപ് ,മഞ്ജു വാര്യർ എന്നീ ജനപ്രിയ താരങ്ങളുടെ ഏക മകളാണ് മീനാക്ഷി .മാധ്യമങ്ങൾക്ക് മാത്രമല്ല ,മലയാളത്തിലെ സിനിമാ പ്രേമികൾക്കും അവൾ പ്രിയപ്പെട്ടവളാണ് . അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞപ്പോഴും ,മകൾ അച്ഛനൊപ്പം നിൽക്കാനുള്ള തീരുമാനം എടുത്തപ്പോഴുമൊന്നും പാപ്പരാസികൾ എന്ന് വിളിക്കാവുന്ന മലയാള മാധ്യമങ്ങൾ പോലും അവൾക്ക് പിന്നാലെ പോയിട്ടില്ല .

മകളെച്ചൊല്ലി വിവാദങ്ങളോ ,ഒരു പരാമർശമോ നടത്താതെ അവളുടെ ഇഷ്ടത്തിനും സ്വകാര്യതയ്ക്കും വില കൽപ്പിച്ച മഞ്ജുവാരിയർക്കു നമ്മൾ എഴുന്നേറ്റുനിന്ന് കയ്യടി നൽകുക രണ്ടായിരത്തി പതിനാറ് നവംബർ ഇരുപത്തിയാറിന് മീനാക്ഷി മാധ്യമങ്ങളുടെ ക്യാമറയ്ക്കും മൈക്കിനും മുൻപിൽ എത്തിയത് എന്തിനായിരുന്നു? അവളുടെ അച്ഛൻറെ രണ്ടാം കല്യാണത്തിന് പണയവസ്തുവായി അവളെ ക്യാമറക്കു മുൻപിലേക്ക് കൊണ്ടുവന്നത് ദിലീപ് എന്ന അവളുടെ സംരക്ഷകനായ അച്ഛനാണ് .അയാളുടെ പ്രണയ സാഫല്യത്തിന് മകളെക്കൊണ്ട് .മറ്റൊരു ഭാഷ്യം തീർക്കുവാൻ.

ഇനി ,ഏറ്റവുമൊടുവിൽ ശ്രാദ്ധ ചടങ്ങിൽ പ്രായമേറെയായായ അമ്മയെയും ,പ്രായപൂർത്തിയാകാത്ത മകളെയും ക്യാമറ കണ്ണുകൾക്ക്‌ മുൻപിലെത്തിക്കുന്ന സീൻ എഴുതി ചേർത്തതാരാണ് ? ദിലീപിൻ്റെയും ,കാവ്യയുടെയും പത്തുകൊല്ലത്തിലേറെ നീണ്ട പ്രണയ നാടകങ്ങളെക്കുറിച്ചു എല്ലാമറിയുന്നവർ തന്നെയായിരുന്നു കേരളത്തിലെ മാധ്യമപ്രവർത്തകർ .ഡയാന കേസിൽ എന്ന പോലെ അവരുടെ സമാഗമങ്ങൾ പകർത്താൻ ആരും ക്യാമറയുമായി അവരെ വേട്ടയാടിയിട്ടില്ല .

അവരുടെ സ്വകാര്യതകളെ ചോദ്യം ചെയ്തിട്ടുമില്ല .കേരളത്തിലെ ചില മാധ്യമ പ്രവർത്തകരുടെ സ്വകാര്യതകളിലേക്ക് ഓൺലൈൻ അഭിമുഖത്തിലൂടെ ,നാവുകുഴഞ്ഞ ജൽപ്പനങ്ങൾ നടത്തിയപ്പോഴും ദിലീപിനെ തിരുത്തുവാനോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ചു ഒരു കുറിപ്പെഴുതുവാനോ ഒരു സിനിമാ -മാധ്യമ പ്രവർത്തകനും തയ്യാറായതുമില്ല .

മീനാക്ഷിയെ പ്രദർശന വസ്തുവാക്കി മാധ്യമ ക്യാമറകൾക്ക് മുൻപിലെത്തിച്ച ശേഷം ,അതിൻറെ പഴി 
മാധ്യമങ്ങൾക്ക് മേൽ ചാർത്തുന്നത് ശരിയാണോ ഉണ്ണീ ?
മാധ്യമങ്ങളുടെ പ്രവർത്തിയിൽ ആശങ്കപ്പെടുന്ന ഉണ്ണി ,ഇക്കാലത്തു ഇന്ത്യയിലെ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു കൂടി ആകുലപ്പെടുമെന്ന് കരുതട്ടെ ? സമയം കിട്ടുമ്പോൾ അതിനെക്കുറിച്ചു കൂടി 
എഴുതുമല്ലോ …
സ്നേഹത്തോടെ 
അന്നും ,ഇന്നും മാധ്യമ പ്രവർത്തകനായ 
ലീൻ ബി .ജെസ്‌മസ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News