‘അവാര്‍ഡ് ജേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമ’; സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്ത സിനിമാ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍: അവാര്‍ഡ് ജേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശേരിയില്‍ നടന്ന സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാത്ത സിനിമാ പ്രവര്‍ത്തകരോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അവാര്‍ഡ് കിട്ടിയവര്‍ മാത്രമല്ല പുരസ്‌കാര ദാനചടങ്ങിന് എത്തേണ്ടതെന്നും ക്ഷണിക്കാതെ തന്നെ ചലച്ചിത്ര ലോകത്ത് നിന്നും കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ സിനിമാ മേഖലയുടെ പരിഛേദം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജെ.സി ഡാനിയേല്‍ പുരസ്‌കാര തുക ഒരു ലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷമായി ഉയര്‍ത്തിയെന്നും ഉദ്ഘാടനച്ചടങ്ങില്‍ അറിയിച്ചു.

ഇതിനിടെ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ദാന ചടങ്ങിന് സമീപം ഒപ്പ് ശേഖരണം നടത്തി. ‘കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗും ‘സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’ എന്ന ബോര്‍ഡും വനിതാ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News