ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ഉജ്വലവിജയം

ന്യൂഡല്‍ഹി :രാജ്യം ഉറ്റുനോക്കിയ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് ഉജ്വലവിജയം .സംഘപരിവാര്‍ കടന്നാക്രമണങ്ങളെ അതിജീവിച്ച്, എബിവിപിയുടെ വെല്ലുവിളിയുടെ മുനയൊടിച്ച ജയമാണ് എസ്എഫ്‌ഐ- എഐഎസ്എ- ഡിഎസ്എഫ് സഖ്യം നേടിയത്. നാല് ജനറല്‍ സീറ്റിലും സഖ്യം വിജയിച്ചു.

ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ജെഎന്‍യുവില്‍ ഇടതുവിദ്യാര്‍ഥി സഖ്യം നേടിയ വിജയം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള കനത്ത താക്കീതായി.

ഇടതുസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഗീതാകുമാരി (എഐഎസ്എ) 1506 വോട്ട് നേടി ജയിച്ചു. എബിവിപിയുടെ നിധി തൃപാദിയെയാണ് പരാജയപ്പെടുത്തിയത്.ഭൂരിപക്ഷം-464.

വൈസ് പ്രസിഡന്റായി 1876 വോട്ട് നേടി സിമന്‍ സോയ ഖാന്‍ (എഐഎസ്എ) ജയിച്ചു. 848 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എബിവിപിയുടെ ദുര്‍ഗേഷ് കുമാറിനെ പരാജയപ്പെടുത്തി.

തെരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടിയാണ് (2082) ജനറല്‍ സെക്രട്ടറിയായി ദുഗ്ഗിരാല ശ്രീകൃഷ്ണ (എസ്എഫ്‌ഐ) വിജയിച്ചത്. എബിവിപിയുടെ നികുഞ്ജ് മക്വാനയെയാണ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം-1107.

ജോയിന്റ് സെക്രട്ടറിയായി ഡിഎസ്എഫിന്റെ സുഭാന്‍ഷു സിങ് (1755) ജയിച്ചു. 835 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എബിവിപിയുടെ പങ്കജ് കേശരിയെയാണ് പരാജയപ്പെടുത്തയത്.എഐഎസ്എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി അപരാജിതരാജ 416 വോട്ട് നേടി അഞ്ചാമതാണ്.സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് ഫറൂഖ് ആലം 419 വോട്ട് നേടി.

നാല് ജനറല്‍ സീറ്റിലും നോട്ടയ്ക്ക് കിട്ടിയതിലും താഴെയാണ് എന്‍എസ്യുഐ നേടിയ വോട്ടുകള്‍. 4639 വോട്ടാണ് പോള്‍ ചെയ്തത്. 58.69 ശതമാനം. ചരിത്രത്തില്‍ ആദ്യമായി എല്ലാ സംഘടനകളില്‍നിന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പെണ്‍കുട്ടികളാണ് രംഗത്തുണ്ടായിരുന്നത്.

ജെഎന്‍യുവിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനവും ഇടതുസഖ്യം നേടി. സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ അഞ്ച് കൌണ്‍സിലര്‍ സീറ്റിലും ഇടതുസഖ്യം ജയിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൌണ്‍സിലര്‍ സീറ്റ് ഇടതുസഖ്യം നേടി. 14 കൌണ്‍സിലര്‍ സ്ഥാനം ഇടതുസഖ്യം നേടി.

ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചാരണങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News