കണ്ണനു പിന്നാലെ ഭവാനിയമ്മയും

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു 62-ാം വയസ്സില്‍ സംസ്ഥാനത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കി ചരിത്രത്തിലിടം നേടിയ ആ അമ്മ ഇനിയില്ല.75 വയസ്സായിരുന്നു.വാര്‍ധക്യത്തില്‍ ജന്മം നല്‍കിയ കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ് മരിച്ചത് കേരളം ഒപ്പം കരഞ്ഞ വാര്‍ത്തയായിരുന്നു.

രണ്ടുവയസ്സായിരുന്നു അപ്പോള്‍ കുഞ്ഞിന് പ്രായം. ദീര്‍ഘനാളായി വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബന്ധുക്കള്‍ പോലും കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അവസാനകാലത്ത് ചില സാമൂഹിക പ്രവര്‍ത്തകരും വയോജനവേദി പ്രവര്‍ത്തകരുമാണ് ഇവരെ ചികില്‍സിച്ചത്.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായിരുന്നു. മൂവാറ്റുപുഴ കാവുങ്കര ഇലാഹിയ എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്ന  ഭവാനിയമ്മ. പതിനെട്ടാം വയസ്സില്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട അവരുടെ ദാമ്പത്യബന്ധത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഒരു കുഞ്ഞുണ്ടായില്ല .

ഇത് ജീവിതത്തിന്റെ താളം തെറ്റിച്ചു.ഒടുവില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അമ്മയാകാനും കുഞ്ഞിനെ മാറോടണയ്ക്കാനുമുള്ള മോഹം അവരെ രണ്ടാമതൊരു വിവാഹത്തിലേക്ക് നയിച്ചു.പക്ഷേ ഈ ബന്ധവും സമ്മാനിച്ചത് നിരാശ മാത്രം. ഒടുവില്‍ ഭവാനിഅമ്മ നിര്‍ബന്ധിച്ച് ഭര്‍ത്താവിനെ വേറെ വിവാഹം കഴിപ്പിച്ചു.

പ്രതീക്ഷിച്ചപോലെ ഭര്‍ത്താവിന് രണ്ടാം ഭാര്യയില്‍ കുഞ്ഞുണ്ടായി. പക്ഷേ കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവും രണ്ടാം ഭാര്യയും അനുവദിച്ചില്ല.  പിന്നീടാണ് ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കാന്‍ തീരുമാനിക്കുന്നത്. എല്ലാ പ്രതിസന്ധികളും മറികടന്നു ഭവാനിയമ്മ അമ്മയായി .പക്ഷെ സന്തോഷം നീണ്ടുനിന്നത് രണ്ടു വര്ഷങ്ങള്‍ മാത്രമായിരുന്നു.കളിക്കുന്നതിനിടെ വെള്ളം നിറച്ച് വെച്ച ബക്കറ്റില്‍ വീണു കുഞ്ഞു മരിച്ചു . ഭവാനിയമ്മ വീണ്ടും തനിച്ചായി.

മൂവാറ്റുപുഴയിലെ വീടുവിട്ട് കുമളിയിലേക്ക് താമസം മാറ്റി. പിന്നീടാണ് വയനാട്ടില്‍ താമസം ആരംഭിച്ചത് .ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ഗണിതാധ്യാപികയായും വയോജനവേദി പ്രവര്‍ത്തകയായും മറ്റും പൊതുരംഗത്ത് സജീവമായി കഴിയുകയായിരുന്നു. .ഇതിനിടെ ഒരു ദിവസം അവര്‍ കുഴഞ്ഞു വീണു.

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിനും തലച്ചോറിനും തകരാര്‍ സംഭവിച്ചിരുന്നു.
ഒരു വര്‍ഷത്തിലേറെയായി ചികില്‍സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News