
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ അനൂപ് ചന്ദ്രന്റെ മൊഴി. ദിലീപ് തന്നെ മലയാള സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് അനൂപ് അന്വേഷസംഘത്തിന് മൊഴി നല്‍കി.
മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിയെന്നും അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്നും അനൂപ് വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷായെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരങ്ങള്‍. നെഞ്ചുവേദനയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാദിര്‍ഷാ ആശുപത്രിവിട്ടിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആശുപത്രിവിടാന്‍ അദ്ദേഹം തയ്യാറായില്ല. ഞായറാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. നാദിര്‍ഷാ ഇന്ന് ഹാജരായില്ലെങ്കില്‍ അന്വേഷണ സംഘം കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here