പൊലീസുകാര്‍ക്ക് കാക്കി, വക്കീലന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കും കറുത്ത കോട്ട്, സന്യാസിമാര്‍ക്ക് കാഷായവസ്ത്രം; ഇതാണ് വര്‍ത്തമാനകാല സമൂഹത്തിന്റെ വസ്ത്രസംബന്ധിയായ ധാരണ. ആദ്യത്തെ രണ്ടും ഭരണകൂടവ്യവസ്ഥയുടെ ഭാഗമാണ്. മൂന്നാമത്തേത് ആശാപാശം ഛേദിച്ച് മോക്ഷപ്രാപ്തിക്കായി സ്വന്തം കര്‍മപഥം കണ്ടെത്തുകയും സമകാലീനസമൂഹത്തിന്റെ ജീര്‍ണതയെ ഉച്ചാടനം ചെയ്ത് നവസമൂഹസൃഷ്ടിക്കായി യത്‌നിക്കുകയും ചെയ്യുന്ന സാമൂഹിക വിമര്‍ശകരുടേതാണ്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായിട്ടാണ് കാഷായവസ്ത്രത്തെ ഭാരതീയസമൂഹം കരുതിയിരുന്നത്. എന്നാല്‍, ചളിപുരണ്ടാല്‍ അറിയാതിരിക്കുന്നതിനുവേണ്ടിയും കാഷായവസ്ത്രത്തിന് കഴിയുമെന്നായിരുന്നു ശ്രീനാരായണന്‍ പറഞ്ഞത്.

കാഷായവസ്ത്രമുടുക്കാതെ സന്യാസജീവിതം നയിച്ച പരിഷ്‌കര്‍ത്താവായിരുന്നു ചട്ടമ്പി സ്വാമികള്‍. ഭക്ഷണത്തിന്റെ രുചിയും വസ്ത്രത്തിന്റെ നിറവും സന്യാസിമാരെ അലട്ടുന്ന പ്രശ്‌നമല്ലെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെയും ചട്ടമ്പി സ്വാമികളുടെയും നിലപാട്.

പത്തൊമ്പതാംനൂറ്റാണ്ടിന്റെ ആദ്യപാദംമുതല്‍ 20-ാംനൂറ്റാണ്ടിന്റെ ആദ്യപാദംവരെയുള്ള ഒരുനൂറ്റാണ്ടാണ് കേരളത്തിലെ സാമൂഹിക പരിഷ്‌കരണത്തിന്റെ കാലം. അക്കാലത്തെ പരിഷ്‌കരണനായകര്‍ ഉയര്‍ത്തിപ്പിടിച്ച സംഹാരത്തിന്റേതും സൃഷ്ടിയുടേതുമായ സമസ്യകളെ ഏറ്റെടുത്ത് മുമ്പോട്ടുകൊണ്ടുപോയത് ദേശീയപ്രസ്ഥാനവും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയകക്ഷികളും കൂടിയാണ്.

പരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തിലെ സന്യാസിമാരുടെ നേതൃത്വത്തിലോ അവരുടെ നിഴലിലോ സ്ഥാപിക്കപ്പെട്ട സംഘടനകള്‍ രണ്ടായി പിരിഞ്ഞ് സന്യാസിസംഘങ്ങളായും ജാതിസംഘടനകളായും പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. പരിഷ്‌കര്‍ത്താക്കളിലെ ലൌകികന്മാരായ നായകര്‍ സ്ഥാപിച്ച സംഘടനകളും ജാതിസംഘടനകളായി പരിണമിച്ച് മറ്റു ജാതിസംഘടനകളോടൊപ്പം രാഷ്ട്രീയസ്വത്വം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഈ സംഘടനകളുടെ സാന്നിധ്യവും പ്രവര്‍ത്തനവും ജാതിബോധം നിലനിര്‍ത്തുന്നതിനുമാത്രമേ സഹായിക്കുകയുള്ളൂ. ഏത് പരിഷ്‌കര്‍ത്താക്കളുടെ പാരമ്പര്യമാണോ ഈ സംഘടനകള്‍ അവകാശപ്പെടുന്നത് അവരാരുംതന്നെ ജാതിബോധത്തെ നിലനിര്‍ത്താനല്ല, മറിച്ച് അതിനെ തുടച്ചുനീക്കാനാണ് ആവശ്യപ്പെട്ടത്.

ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെ ന്യായീകരിക്കുന്നതിനുവേണ്ടി അതിന്റെ വക്താക്കള്‍ സൃഷ്ടിച്ച പരശുരാമകഥയെ കള്ളക്കഥയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബ്രാഹ്മണാധിപത്യം സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് ഇവിടം ബലിഷ്ഠകായന്മാരും അധ്വാനശീലരുമായ മലയാളികളുടെ നാടായിരുന്നുവെന്നും ‘പ്രാചീന മലയാളം’ എന്ന കൃതിയിലൂടെ ചട്ടമ്പി സ്വാമികള്‍ തുറന്നുകാട്ടുന്നു. ചതിയും വഞ്ചനയും കുടിലതയും ഉപയോഗിച്ചാണ് നല്ലവരായ നാട്ടുകാരെ അധിനിവേശക്കാര്‍ പാട്ടിലാക്കിയതെന്ന് പ്രസ്തുതകൃതിയില്‍ അദ്ദേഹം പറയുന്നു.

ആശ്ചര്യമെന്നു പറയട്ടെ ചട്ടമ്പിസ്വാമി മേല്‍പ്പറഞ്ഞ വാക്കുകള്‍ ഉപയോഗിക്കുന്നതിന് ഏകദേശം ഒരുനൂറ്റാണ്ടുമുമ്പ് വേലുത്തമ്പി ദളവ തന്റെ യുദ്ധപ്രഖ്യാപനമായ കുണ്ടറവിളംബരത്തില്‍ ബ്രിട്ടീഷുകാരെപ്പറ്റിയും ഇതേവാക്കുകള്‍ തന്നെയാണ് പറയുന്നത്. കാലമേതായാലും അധിനിവേശക്കാരുടെ വര്‍ഗസ്വഭാവം ഒന്നുതന്നെയാണെന്ന് ദീര്‍ഘദര്‍ശികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവതാരപുരുഷനായ വാമനന്‍ ചതിയും വഞ്ചനയും കുടിലതയും ഉപയോഗിച്ചാണ് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്ന് ഐതിഹ്യത്തില്‍പ്പോലും സമ്മതിക്കുന്നുണ്ടല്ലോ.

അവര്‍ണന്‍ വേദമന്ത്രങ്ങള്‍ പഠിക്കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന ബ്രാഹ്മണമതത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത് ശ്രമണമതങ്ങളായ ലോകായതവും ജൈനവും ബൌദ്ധവുമായിരുന്നല്ലോ. ആ ശ്രമണമതപാരമ്പര്യമാണ് ചട്ടമ്പി സ്വാമികള്‍ ‘വേദാധികാര നിരൂപണം’ എന്ന കൃതിയിലൂടെ പുനഃസ്ഥാപിക്കുന്നത്. വായുവും വെള്ളവും അന്നവും ജീവികള്‍ക്കെല്ലാം അനിവാര്യമാണെന്നതുപോലെയാണ് മനുഷ്യസമൂഹത്തിന് പൂര്‍വാര്‍ജിത സമ്പത്തായ വിദ്യയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രപഞ്ചചൈതന്യമായ ബ്രഹ്മത്തിന്റെ അംശമാണ് എല്ലാ മനുഷ്യരിലും ത്രസിക്കുന്നതെങ്കില്‍പ്പിന്നെ സവര്‍ണാവര്‍ണഭേദമെന്തിന് എന്ന ചട്ടമ്പി സ്വാമിയുടെ ചോദ്യത്തിനുമുന്നില്‍ ബ്രാഹ്മണ്യത്തിന് മൊഴിമുട്ടി.

പരദേശത്തില്‍ പോയ ശങ്കരന്‍, മാതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് തിരിച്ചെത്തി ശവദാഹത്തിന് ഒരുമ്പെട്ടപ്പോള്‍ അദ്ദേഹത്തെ ബഹിഷ്‌കരിച്ച ബ്രാഹ്മണ്യത്തെ തിരസ്‌കരിച്ച ശങ്കരന്റെ മാര്‍ഗമാണ് ശരിയെന്ന് ചട്ടമ്പി സ്വാമികള്‍ സമര്‍ഥിക്കുന്നു. യാഗം, ധ്യാനം, ഹോമം, ഭജനം മുതലായ കര്‍മങ്ങള്‍ കേവലം ‘കുക്ഷിപൂരണ’ത്തിനുവേണ്ടിമാത്രമാണെന്നും മോക്ഷത്തിനുവേണ്ടിയല്ലെന്നും അത്തരക്കാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉദരനിമിത്തം ബഹുകൃതവേഷം- കാവിയും ശ്വേതവും ശ്യാമവും- കെട്ടുന്ന ഇന്നുള്ളവര്‍ക്കും ആ പരിഹാസം പ്രസക്തമാണ്.

അന്യന്റെ അധ്വാനത്തെ ചൂഷണം ചെയ്യരുതെന്നും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നും താന്‍ തന്നോടുചെയ്യാന്‍ ഇഷ്ടപ്പെടാത്തത് മറ്റുള്ളവരോടും ചെയ്യരുതെന്നും ഉപദേശിച്ച യേശുവിന്റെ വചനങ്ങള്‍ വിസ്തരിക്കുന്നതാണ് ചട്ടമ്പി സ്വാമികള്‍ എഴുതിയ ‘ക്രിസ്തുമതസാരം’ എന്ന ലഘുകൃതി.

എന്നാല്‍, യേശുവചനങ്ങളുടെ പൊരുള്‍ എന്തെന്നറിയാതെ നാല്‍ക്കവലകളില്‍ നിന്ന് വിളിപ്രസംഗം നടത്തുന്ന ചില സുവിശേഷകര്‍ വഴിപോക്കരെ പാപികളെന്നും സര്‍പ്പസന്തതികളെന്നും പരസ്യമായി വിളിച്ചാക്ഷേപിച്ചതില്‍ മനംനൊന്താണ് ചട്ടമ്പി ‘ക്രിസ്തുമതഛേദനം’ എന്ന വിമര്‍ശനകൃതി എഴുതിയത്.

തെറ്റ് മനുഷ്യസഹജമാണെന്നും ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കി ഇനി അതാവര്‍ത്തിക്കില്ലായെന്ന് സമൂഹത്തിന് ഉറപ്പുകൊടുക്കുകയാണ് വേണ്ടതെന്നും ചട്ടമ്പി സ്വാമികള്‍ ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ വിശ്വാസിസമൂഹത്തോട് ഉറക്കെ വിളിച്ചുപറയുമായിരുന്നു.

സമൂഹത്തിലെ ഏറ്റവും വലിയ സമ്പത്തായ കൃഷിഭൂമിയെ ദേവന്റെയും പൂജാരിയുടെയും അധികാരിയുടെയും പേരില്‍ വീതിച്ചെടുത്ത്, ആ ഭൂമിയില്‍ അധ്വാനിച്ചിരുന്ന മനുഷ്യരെ അവര്‍ണര്‍ എന്നുവിളിച്ച് അധിക്ഷേപിക്കുകയും സമ്പത്തും അധികാരവും നിഷേധിക്കുകയും ചെയ്ത സാമൂഹികഘടനയുടെ പേരാണല്ലോ ജാതി- ജന്മി- നാടുവാഴി വ്യവസ്ഥ. ആ വ്യവസ്ഥ ഉല്‍പ്പാദിപ്പിച്ച തമോമൂല്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിച്ചവരായിരുന്നു വൈകുണ്ഠ സ്വാമിയും ചട്ടമ്പി സ്വാമിയും ശ്രീനാരായണനും അയ്യന്‍കാളിയും പോലുള്ള നിരവധി പരിഷ്‌കര്‍ത്താക്കള്‍. ആ വ്യവസ്ഥയുടെ ഘടകങ്ങളായിരുന്ന നാടുവാഴിത്തം സ്വാതന്ത്യ്രലബ്ധിയോടുകൂടി ഇല്ലാതായി. കാര്‍ഷികബന്ധനിയമം നിലവില്‍വന്നതോടെ ജന്മിത്തം ഇല്ലാതായി.

ഇവ രണ്ടുംകൂടി ഉല്‍പ്പാദിപ്പിച്ച ജാതിസമ്പ്രദായം ദുര്‍ബലമായി. എന്നാല്‍, ജാതിവ്യവസ്ഥയെ രൂഢമൂലമാക്കി നിലനിര്‍ത്തിയിരുന്ന പൌരോഹിത്യം ഇന്നും ഊനമൊന്നും തട്ടാതെ നിലനില്‍ക്കുന്നു. ‘വേദാധികാര നിരൂപണ’ത്തിലൂടെ ചട്ടമ്പിയും ശിലാഖണ്ഡ പ്രതിഷ്ഠയിലൂടെ ശ്രീനാരായണനും അമ്പലങ്ങളെ അഗ്‌നിക്കിരയാക്കണമെന്ന ആഹ്വാനത്തിലൂടെ വി ടി ഭട്ടതിരിപ്പാടും ലക്ഷ്യംവച്ചത് പൌരോഹിത്യത്തെയായിരുന്നു. ആ പൌരോഹിത്യമാണ് ആര്‍ത്തവത്തെയും ആടയാഭരണങ്ങളെയും അവകാശനിഷേധത്തിനുള്ള കരുക്കളായി വിശ്വാസികള്‍ക്കുനേര്‍ക്ക് വിക്ഷേപിക്കുന്നത്.

വാദ്യകലാകാരന്റെയും ചമയക്കാരന്റെയും ജാതി ചോദിക്കുന്നത് അവരാണ്. ജാതിയടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന പൌരോഹിത്യം തകര്‍ന്നുവീഴേണ്ടത് ചട്ടമ്പി സ്വാമിയും ശ്രീനാരായണനും സ്വപ്നം കണ്ട സമൂഹസൃഷ്ടിക്ക് അനിവാര്യമാണ്. അവരുടെ പൈതൃകം ഏറ്റെടുത്ത പ്രസ്ഥാനങ്ങളുടെ ദൌത്യവും മറ്റൊന്നല്ല. ജീര്‍ണസംസ്‌കാരത്തിന്റെ ദുര്‍ഗന്ധത്തെ അകറ്റാന്‍, മാനവികതയുടെ സുഗന്ധത്തിനുമാത്രമേ കഴിയുകയുള്ളൂ