
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കളെ പ്രതികൂട്ടിലാക്കിയ മെഡിക്കല്‍ കോഴ അഴിമതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് അഭികാമ്യമെന്ന് വിജിലന്‍സ്. അഴിമതി കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന്റേതാണ് തീരുമാനം. പൊതുജന സേവകരെന്ന നിര്‍വ്വചനത്തില്‍ വരാത്തതിനാല്‍ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്നും എന്നാല്‍ ഹവാല ഇടപാട് നടന്ന കേസായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാണ് ഉചിതമെന്നും വിജിലന്‍സ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതാക്കളെ പ്രതികൂട്ടിലാക്കിയ കോഴയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തെ അട്ടിമറിക്കുന്ന നിലപാട്, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള ആരോപണ വിധേയര്‍ സ്വീകരിക്കുകയായിരുന്നു. തങ്ങള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരോ ജനപ്രതിനിധികളോ അല്ലാത്തത്തിനാല്‍ കേസന്വേഷണം തങ്ങളെ ബാധിക്കുകയില്ലെന്ന് കുമ്മനം തന്നെ ബിജെപി ഭാരവാഹികളായ കെ.പി ശ്രീശന്‍, എ.കെനസീര്‍ എന്നിവരെ ധരിപ്പിച്ചു. ഇതനുസരിച്ചാണ് ഇവര്‍ വിജിലന്‍സിന്റെ മുന്നില്‍ മലക്കം മറിഞ്ഞത്.
ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയതായി ബിജെപി അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കോളേജ് ഉടമ ആര്‍.ഷാജി, താന്‍ പണം നല്‍കിയത് കണ്‍സെല്‍റ്റന്‍സിയുടെ ഭാഗമായി എന്ന രീതിയിലാണ് വിജിലന്‍സ് ഉദ്ദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. ആര്‍.എസ് വിനോദിന്റെ മൊഴിയും ഇതേ തരത്തിലായിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കിയ കെ.പി ശ്രീശനും എ.കെനസീറും, മാധ്യമങ്ങളിലൂടെ പുറത്തു വന്ന റിപ്പോര്‍ട്ട് നിഷേധിച്ച് കൊണ്ട് വിജിലന്‍സിന് മൊഴി നല്‍കി. കുമ്മനം രാജശേഖരന്‍ പറഞ്ഞതാകട്ടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല എന്നും അന്വേഷണത്തിന് വ്യക്തിപരമായാണ് നിര്‍ദ്ദേശം നല്‍കിയത് എന്നുമാണ്.
അതേസമയം, സതീഷ്‌നായരുടെ മൊഴിയിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്നതിന് ചില രേഖകള്‍ അന്വേഷണ സംഘത്തിന് ആവശ്യമാണ്. പക്ഷേ ആ രേഖകള്‍ കൈമാറാന്‍ കോളേജ് ഉടമ തയ്യാറാകുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്ക് ആന്റ് ഒഫന്‍സ് വിങ് നടത്തുന്നതായിരിക്കും അഭികാമ്യം എന്ന നിലപാടില്‍ വിജിലന്‍സ് എത്തിയിരിക്കുകയാണ്. സംഭവത്തില്‍ ഹവാല ഇടപാട് നടന്നതിലാണിത്.
കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി പിന്നീട് മെയില്‍ ചെയ്ത എ.കെ നസീറിന്റെ ലാപ് ടോപ്പും കമ്പ്യൂട്ടറും മറ്റും ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കണമെന്നും വിജിലന്‍സ് എസ്പി ജയകുമാര്‍ പറയുന്നു. എന്നാല്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് അന്വേഷണ ശുപാര്‍ശയും ഉടന്‍ ഡിജിപിക്ക് കൈമാറാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here