എങ്ങോട്ടാണിവര്‍ നാടിനെ കൊണ്ടു പോകുന്നത്? മുഖ്യമന്ത്രി പിണറായി

കണ്ണൂര്‍: പുരോഗമന ആശയങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ ജീവിച്ചിരിക്കുന്നത് അത്ര കണ്ട് അഭികാമ്യമല്ല എന്ന സൂചനയാണ് പുരോഗമന ആശയക്കാര്‍ മൃത്യുഞ്ജയഹോമം നടത്തണം എന്ന് പറയുന്നവര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങോട്ടാണിവര്‍ നാടിനെ കൊണ്ടു പോകുന്നത് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. പുരോഗമന ആശയക്കാര്‍ മരണത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്.

ഇതിലപ്പുറം പറഞ്ഞയാള്‍ കര്‍ണാടകയിലുണ്ട്. എങ്ങോട്ടാണ് ഇവര്‍ നമ്മളെ കൊണ്ടു പോകുന്നത് എന്ന് ചിന്തിക്കണം. ഇത്തരം ശക്തികളെ പ്രതിരോധിക്കാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ട് വരുമെന്ന പ്രതിജ്ഞയാണ് എടുക്കേണ്ടത്. വസ്ത്രം ധരിക്കാനും മാറ് മറക്കാനും അവകാശമില്ലാതിരുന്ന ഒരു സമൂഹം നമ്മുടെ നാട്ടിലുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. നവോത്ഥാന നായകരും പുരോഗമന വാദികളും ഉണ്ടാക്കിയ സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് ഇന്നത്തെ കേരളം. ഒരേ വഴിയേ ഒരു ജനതയ്ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥ പയ്യന്നൂരിലടക്കം നിലനിന്നിരുന്നു.

കണ്ടോത്ത് വഴിയില്‍ നടന്ന എകെജിയെ ഉലക്ക കൊണ്ടടിച്ച് അവശനാക്കിയ ചരിത്രമുണ്ട്. ഇത് യുവതലമുറ അറിയണം. ജീര്‍ണമായ കാലഘട്ടം കടന്നാണ് നാമിവിടെ എത്തി നില്‍ക്കുന്നത്. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കാലത്തേക്ക് വീണ്ടും ഈ നാടിനെ തിരിച്ചോടിക്കാനുള്ള ശ്രമങ്ങളെ പുതിയ തലമുറ തിരിച്ചറിയണമെന്നും പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി സര്‍ സെയ്ദ് കോളജ് അറിവിന്റെ 50 വര്‍ഷം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News