
സ്ത്രീകള്‍ സീമന്തരേഖയിൽ കുങ്കുമം ചാർത്തുന്നതിനെ പഴമക്കാർ വലിയ കാര്യമായാണ് കണ്ടിരുന്നത്. വിവാഹിതരായിക്കഴിഞ്ഞാൽ ഭൂരിപക്ഷം സ്ത്രീകളും തലമുടി പകുത്ത് അതിന് നടുവിലൂടെയുള്ള സീമന്തരേഖയിൽ കുങ്കുമം അണിയുന്ന രീതി ഉത്തരേന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഗർഭവതിയായ ശേഷം ഈ ചടങ്ങ് ആഘോഷിക്കാറുണ്ട്. താൻ ഭർതൃമതിയാണെന്ന് സമൂഹത്തോട് പറയാനും മറ്റുള്ളവർക്ക് തന്നിലേക്ക് ആസക്തി ഉണ്ടാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കളിയാക്കുന്നവരുണ്ട്. അതെന്തെങ്കിലും ആയിക്കോട്ടെ. നെറ്റിയില്‍ സിന്ദൂരമണിയുന്നത് അത്ര നല്ലതല്ലെന്നാണ് പുതിയ കണ്ടെത്തല്‍.
സുരക്ഷിതമല്ലാത്ത ലെഡ് കൊണ്ടാണ് ഏതാണ്ട് എല്ലാതരത്തിലുള്ള സിന്ദൂരങ്ങളും നിര്‍മ്മിക്കുന്നതത്രേ. ലെഡിന്റെ ഏറ്റവും മോശം ഘടകമാണ് സിന്ദൂരത്തില്‍ ചേര്‍ത്തിട്ടുള്ളതെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ലെഡ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത് ശരീരത്തില്‍ അണിയുന്നത് വലിയ അപകടങ്ങളുണ്ടാക്കും. അതുകൊണ്ട് അമേരിക്കയില്‍ സിന്ദൂരത്തിന് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കടുത്ത ചുവന്ന നിറമുള്ള സിന്ദൂരം ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ വിശ്വാസത്തിന്റെ പേരിലാണ് ഉപയോഗിച്ച് വരുന്നത്. സിന്ദൂരം ഒരു സൗന്ദര്യ വര്‍ധക വസ്തു കൂടിയായും ഇന്ത്യയിലെ സ്ത്രീകള്‍ ഉപയോഗിക്കാറുണ്ട്. അവിവാഹിതരും വിധവകളും ഇത്തരത്തില്‍ സിന്ദൂരം ഉപയോഗിക്കാറില്ല.
സിന്ദൂരത്തിലടങ്ങിയിരിക്കുന്ന മോശം ലെഡ് കണ്ടന്റ് ഉച്ഛാസ്വത്തിലൂടെയും മറ്റും ആളുകളിലേക്ക് ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. വളരെ മലീമസമായ ഈ വസ്തു മനുഷ്യര്‍ ശരീരത്തിന്റെ ഏറ്റവും സെന്‍സിറ്റീവായ ഭാഗങ്ങളോട് അടുപ്പിക്കുന്നത് അപകടകരമാണ്. പൊതു ആരോഗ്യ താല്‍പര്യാര്‍ഥമാണ് ഗവേഷകര്‍ ഇതേപ്പറ്റി പഠനം നടത്തിയതെന്ന് ന്യൂ ജേഴ്‌സിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കെയറിലെ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പരീക്ഷണം നടത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച 83 ശമാനം സിന്ദൂരത്തിലും അമേരിക്കയില്‍ നിന്ന് ശേഖരിച്ച 78 ശതമാനം സിന്ദൂരത്തിലും ഗ്രാമില്‍ കുറഞ്ഞത് ഒരു മൈക്രോഗ്രാം ലെഡ് എങ്കിലുമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലെഡിന്റെ ഏറ്റവും മോശം പതിപ്പായതുകൊണ്ട് ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. ആറ് വയസില്‍ താഴെയുള്ള കുട്ടികളെയൊന്നും ഇത് തൊടുവിക്കരുതെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് .
ഇത് കുട്ടികളുടെ ഭൗതിക നിലവാരത്തെ വരെ ദോഷകരമായ രീതിയില്‍ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഉപയോഗം പെട്ടെന്ന് കുറയ്ക്കാനാണ് ഗവേഷകര്‍ പറയുന്നത്. 2007ല്‍ നടത്തിയ ഗവേഷണത്തിന്റെ ഫലമായി ഗവേഷകര്‍ മുന്‍പ് തന്നെ സിന്ദൂരത്തിന്റെ അപകടത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലെഡ് അടങ്ങിയ കാജല്‍ പോലുള്ള മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കെല്ലാം ആമേരിക്കയില്‍ നേരത്തേ തന്നെ നിരോധനമുണ്ട്.
ഇന്ത്യയില്‍ ഇത് സൗന്ദര്യവര്‍ധക വസ്തു എന്നതിലുപരി വിശ്വാസത്തിന്റെ ഭാഗമായാണ് ഉപയോഗിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലും മറ്റും ഹിന്ദു വിശ്വാസത്തിലെ പല ആചാരങ്ങള്‍ക്കും സിന്ദൂരം അവിഭാജ്യ ഘടകമാണ്. ആയതിനാല്‍ തന്നെ ഇതിന്റെ ദോഷം വശത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുക ശ്രമകരമായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here