ദിലീപിനെതിരെ നടി ജയപ്രദയും

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മുന്‍ എംപിയുമായ ജയപ്രദ. ദിലീപ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയില്ലെന്ന് ജയപ്രദ തുറന്നടിച്ചു. സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ജയപ്രദ ഇക്കാര്യം പറയുന്നത്.

ജയപ്രദയുടെ വാക്കുകള്‍: ‘ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്ന്.’

‘അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നു. അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണം.’

വനിതാ താരസംഘടനയായ വുമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളെയും ജയപ്രദ അഭിനന്ദിച്ചു.

‘ഇത്തരമൊന്നു രൂപീകരിച്ചതിനു മലയാളികളെ അഭിനന്ദിക്കുകയാണ്. സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണം. മറ്റു ഭാഷകളിലും ഇതു സംഭവിക്കണം. ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികള്‍ മറികടക്കാനാവൂ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News