റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യന്‍ നിലപാട് ശരിയല്ലെന്ന് യുഎന്‍; നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മനുഷ്യാവകാശ കമീഷന്‍; വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് മ്യാന്‍മാറിനോടും നിര്‍ദേശം

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുമെന്ന ഇന്ത്യന്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് യുഎന്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ശരിയല്ലെന്ന് യുഎന്‍ മനുഷ്യാവകാശ കമീഷന്‍ അഭിപ്രായപ്പെട്ടു.

റോഹിംഗ്യന്‍ ജനതക്ക് നേരെ നടക്കുന്ന വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് മ്യാന്‍മാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മാറിലെ റഖൈന്‍ സംസ്ഥാനത്ത് നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും ക്രൂരമായ സൈനിക നടപടി അവസാനിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മ്യാന്‍മര്‍ പ്രവേശനം നിഷേധിച്ചതിനാല്‍ റോഹിംഗ്യന്‍ ജനതയുടെ നിലവിലെ അവസ്ഥ അറിയാന്‍ സാധിക്കുന്നില്ലെന്നും യുഎന്‍ വിലയിരുത്തി. സൈനികര്‍ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ജനതയെ കൊല്ലുകയും ചെയ്യുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും യുഎന്‍ മനുഷ്യാവകാശ കമീഷന്‍ വ്യക്തമാക്കി.

മ്യാന്‍മാറിലെ വംശീയ കലാപത്തെ തുടര്‍ന്ന് അഭയം തേടി എത്തിയ നാല്‍പ്പതിനായിരത്തിലധികം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് ഇവരുടെ താമസം. ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ള അഭയാര്‍ത്ഥികള്‍ മാലിന്യം നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തും മനുഷ്യ സ്‌നേഹികളുടെ സഹായം സ്വീകരിച്ചുമാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു നടത്തിയ പ്രസ്താവന ഇവരുടെ ഭാവി തൂലാസിലാക്കി. ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് നാട് കടത്തുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ശക്തമായ പ്രതിഷേധത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News