ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ലീഗ് എന്ന വിശേഷണം സ്പാനിഷ് ലീഗ് സ്വന്തമാക്കിയിട്ട് കാലങ്ങളായി. പണക്കൊഴുപ്പിലും കേളിമികവിലും മറ്റ് ക്ലബുകള്‍ ഒപ്പം പിടിക്കുമെങ്കിലും സ്പാനിഷ് ലീഗിന്റെ ഖ്യാതി ഒന്ന് വേറെ തന്നെ. ലോക ഫുട്‌ബോളിലെ മുടിചൂടാമന്നന്‍മാരുടെ സാന്നിധ്യം കൊണ്ടു കൂടി ലീഗ് ശ്രദ്ധേയമാണ്.

അതുകൊണ്ടുതന്നെ ലാലിഗ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ലീഗ് പോരാട്ടം അത്യന്തം ആകര്‍ഷണീയമാണ്. റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമാണ് ലീഗിന്റെ കരുത്ത്. രണ്ട് ടീമുകളുടേയും പ്രതാപത്തിനൊപ്പം നില്‍ക്കാന്‍ മറ്റ് ടീമുകള്‍ക്ക് പലപ്പോഴും സാധിക്കാറില്ലെങ്കിലും പോരാട്ടമികവിന് കുറവുണ്ടാകാറില്ല. ചാമ്പ്യന്‍സ് ലീഗ് കീരീടത്തിനായുള്ള പോരാട്ടത്തില്‍ മറ്റ് ലീഗുകളിലെ ടീമുകള്‍ ബാഴ്‌സയ്ക്കും റയലിനും മുന്നില്‍ പതറുന്ന കാഴ്ചയാണ് എപ്പോഴുമുണ്ടാകുന്നത്.

എന്നാല്‍ ആരാധകര്‍ക്ക് നിരാശയുണ്ടാകുന്ന വാര്‍ത്തകളാണ് സ്‌പെയിനില്‍ നിന്ന് പുറത്തുവരുന്നത്. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമായ ബാഴ്‌സലോണ ലാലിഗയുടെ പടിക്ക് പുറത്താകുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. കാറ്റലോണിയന്‍ പ്രവിശ്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടമാണ് ഫുട്‌ബോള്‍ ലോകത്ത് നിരാശ സമ്മാനിക്കുന്നത്.

സ്‌പെയിനില്‍ നിന്നും സ്വാതന്ത്രം ലഭിക്കാനുള്ള ജനകീയ പോരാട്ടങ്ങള്‍ ശക്തമായിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഹിതപരിശോധന ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ജനകീയ ഹിതപരിശോധന ആരാധകരുടെ സ്വപ്‌നടീമിനെ ലീഗില്‍ നിന്നും പുറത്താക്കിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്ര്യം നേടിയാല്‍ ലാലിഗിയില്‍ നിന്നും കാറ്റലോണിയന്‍ ശക്തികള്‍ പുറത്താകും. ഇക്കാര്യം ലാലിഗ പ്രസിഡന്റ് ജാവിയര്‍ തെബാസ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഹിതപരിശോധന ഫലത്തെ ബാധിക്കുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല. നടപ്പ് സീസണില്‍ തന്നെ ബാഴ്‌സലോണയെ പുറത്താക്കുന്ന കടുത്ത തീരുമാനങ്ങളുണ്ടാകുമെന്ന സൂചനകളും സ്‌പെയിനില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്.

കാറ്റലോണിയ സ്വതന്ത്ര്യം നേടിയാല്‍ ബാഴ്‌സലോണയുടെ ഭാവിയെന്താകുമെന്ന ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്ക്ക് തുടരാനാകുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വാദം. എന്നാല്‍ ലാലിഗ പ്രസിഡന്റ് അത്തരം വാദങ്ങളുടെ മുനയൊടിച്ചതോടെ ആരാധകര്‍ക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്.

മെസിയും ബാഴ്‌സയുമില്ലെങ്കില്‍ ലാലിഗയുടെ പകിട്ട് നഷ്ടമാകുമെന്ന് വാദിക്കുന്നവരാണ് ഏറിയപങ്കും. എന്നാല്‍ ബാഴ്‌സയ്ക്ക് ഫ്രഞ്ച് ലീഗില്‍ കളിക്കാനുള്ള അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതിയാണ് ഇതിനു വേണ്ടത്. ബാഴ്‌സ ലീഗില്‍ കളിക്കുന്നതിന് ലീഗ് വണ്‍ അധികൃതര്‍ക്ക് പൂര്‍ണ്ണസമ്മതമാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ മൊണോക്കോ ഫ്രഞ്ച് ലീഗില്‍ കളിക്കുന്നത് ഇപ്രകാരമാണ്.

ബാഴ്‌സ ഫ്രഞ്ച് ലീഗിലേക്ക് വന്നാല്‍ ലോകത്തെ ഏറ്റവും മികച്ച ലീഗെന്ന വിശേഷണം സ്വന്തമാകുമെന്ന ചിന്തയിലാണവര്‍. നെയ്മര്‍ കളിക്കുന്ന പി എസ് ജിക്കൊപ്പം മെസി കളിക്കുന്ന ബാഴ്‌സ കൂടിയായാല്‍ മറ്റ് ലീഗുകളെല്ലാം അപ്രസക്തമാകുമെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ളവകര്‍ കുറവായിരിക്കും. അതേസമയം ഇറ്റാലിയന്‍ ലീഗിലും ബാഴ്‌സലോണയ്ക്ക് കളിക്കാന്‍ അവസരമുണ്ട്.