ബിജെപി സര്‍ക്കാരിന്‍റെ അടിവേരിളകുന്നു; രാജസ്ഥാനില്‍ ട്രാക്ടറും കാളവണ്ടിയുമായി കര്‍ഷകരുടെ സമരം; വിജയം വരെ സമരമെന്ന് പ്രഖ്യാപനം

സിക്കാര്‍: രാജസ്ഥാനില്‍ സപ്തംബര്‍ ഒന്നിനാരംഭിച്ച കര്‍ഷകപ്രക്ഷോഭം കൂടുതല്‍ ശക്തമായി. സമരകേന്ദ്രങ്ങളിലൊന്നായ സിക്കാറില്‍ പതിനായിരങ്ങള്‍ ട്രാക്ടറുകളും കാളവണ്ടികളുമായി തെരുവിലിറങ്ങി. തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളാകെ സ്തംഭിച്ച നിലയിലാണ്. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ചോടെ ആരംഭിച്ച സമരം ഇന്ന് വിവിധ ജില്ലകളില്‍ തെരുവുകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നരലക്ഷം പേര്‍ സിക്കാറില്‍ മാത്രം തെരുവിലിറങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സമരം തീര്‍ക്കാന്‍ ഫലപ്രദമായി ഇടപെട്ടിട്ടില്ല. കഴിഞ്ഞദിവസം നടന്ന ചര്‍ച്ച വിജയിച്ചില്ല.സിക്കാറിലെ മുന്‍ എംഎല്‍എയും കിസാന്‍ സഭ ഖിലേന്ത്യാ പ്രസിഡണ്ടുമായ അമ്രാറാം സമരത്തിന്റെ മുന്‍നിരയിലുണ്ട്. ‘കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കും വരെ സമരം തുടരും. ആത്മഹത്യയല്ല; പ്രക്ഷോഭമാണ് ഞങ്ങളുടെ മാര്‍ഗ്ഗം”- അദ്ദേഹം വ്യക്തമാക്കി.ചൊവ്വാഴ്ച രാവിലെ എട്ടിനകം ഇടപെട്ടില്ലെങ്കില്‍ ഗുജറാത്തിലെ എല്ലാ റോഡുകളും ഉപരോധിയ്ക്കുമെന്ന്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ രൂക്ഷമായ അടിച്ചമര്‍ത്തലിനെ അതീജിവിച്ചാണ് പതിനായിരക്കണക്കിന് കര്‍ഷകര്‍ തെരുവിലിറങ്ങുന്നത്. വന്‍തോതില്‍ സ്ത്രീപങ്കാളിത്തത്തോടെയാണ് പ്രതിഷേധ പ്രകടനങ്ങള്‍. വസുന്ധര രാജെ സര്‍ക്കാരിന്റെ പ്രതീകാത്മക ‘ശവദാഹം’ നടത്തിക്കൊണ്ടായിരുന്നു പലയിടത്തും പ്രക്ഷോഭം. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ആദിവാസികളുടെയും ദളിതരുടെയും ചെറുകിട കച്ചവടക്കാരുടെയും സംഘടനകള്‍ ഒരുകാലത്തുമില്ലാത്തവിധം സമരത്തില്‍ അണിചേരുകയാണ്.

മിക്കസ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് സമരം തകര്‍ക്കാന്‍ നോക്കി. ഇന്റര്‍നെറ്റിലൂടെ പ്രചാരണവും വിലക്കുന്നു. സമരത്തില്‍ പങ്കെടുക്കുന്നവരെ ജാമ്യംകിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടയ്ക്കുകയാണ്. എന്നിട്ടും പിന്‍മാറാതെ പതിനായിരങ്ങള്‍ സമരത്തില്‍ തുടരുകയാണ്.

സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അഖിലേന്ത്യാ കിസാന്‍സഭ അഭിവാദ്യംചെയ്തു. നേരത്തെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ നടത്തിയ കര്‍ഷക പ്രതിഷേധം വിജയം കണ്ടിരുന്നു.

സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിച്ച് ഉല്‍പാദനചെലവിന്റെ 50 ശതമാനമെങ്കിലും കൂട്ടി സംഭരണവില നിശ്ചയിക്കുക, സംഭരണം ഉറപ്പാക്കുക, കര്‍ഷക തൊഴിലാളികളുടെയും പാവപ്പെട്ട ഇടത്തരം കര്‍ഷകരുടെയും വായ്പകള്‍ എഴുതിതള്ളുക. 60 വയസ് പിന്നിട്ട കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും 5000 രൂപ പെന്‍ഷന്‍ നല്‍കുക.

ഫലപ്രദമായ വിള ഇന്‍ഷുറന്‍സ് നടപാക്കുക, കന്നുകാലി വ്യാപാരം സുഗമമാക്കുക, വിളകള്‍ക്ക് മൃഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News