ശബരിമല തീര്‍ത്ഥാടനം; ശുചിത്വ സംവിധാനം ശക്തിപ്പെടുത്തും

കോട്ടയം: എരുമേലിയിലും കോട്ടയം ജില്ലയിലെ മറ്റു ശബരിമല തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുളള ഇടത്താവളങ്ങളിലും അനുബന്ധ കേന്ദ്രങ്ങളിലും തീര്‍ത്ഥാടകര്‍ക്കു ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവിടങ്ങളില്‍ ആവശ്യമായ ശുചിത്വം ഉറപ്പു വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുളള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എരുമേലിയില്‍ താത്കാലികമായി സജ്ജമാക്കുന്ന ശുചിമുറികളില്‍ നിന്നുളള വിസര്‍ജ്ജ്യങ്ങള്‍ വേണ്ട വിധം സംസ്‌ക്കരിക്കാതെ നദിയിലേക്ക് തളളുന്നത് കര്‍ശനമായി തടയുന്നതിന് നടപടി ഉണ്ടാകണം. സ്വകാര്യ സ്ഥാപനങ്ങള്‍ സജ്ജമാക്കുന്ന ശുചിമുറികളോടെയനുബന്ധിച്ച് ടാങ്കുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കാനന പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ആവശ്യത്തിന് ഇടോയ്‌ലെറ്റ് സംവിധാനം ഒരുക്കാന്‍ പഞ്ചായത്ത് വനം വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും അത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനും ജല അതോറിറ്റി അധികൃതര്‍ നടപടി സ്വീകരിക്കണം. നദികളിലെ മലിനീകരണ തോത് സ്ഥിരമായി നിരീക്ഷിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എരുമേലി ക്ഷേത്ര പരിസരവും മറ്റ് ഇടത്താവളങ്ങളും ശുചിയായി സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനുമാണ് നടപടി സ്വീകരിക്കേണ്ടത്.
തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റ പണി യഥാസമയം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഇതു സംബന്ധിച്ച ടെണ്ടര്‍ ജോലി കളെല്ലാം ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നിരത്തുകളില്‍ ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകട സാധ്യതയുളള കടവുകളില്‍ തീര്‍ത്ഥാടകര്‍ക്ക് അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് നടപടി സ്വീകരിക്കേണ്ടത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എരുമേലി പഞ്ചായത്തിന് അനുവദിച്ച തുക സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

തീര്‍ത്ഥാടന കാലത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനും തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിക്കണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ തക്കവണ്ണം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നടപടി ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപാര സ്ഥാപനങ്ങളില്‍ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതരും അളവു തൂക്കങ്ങളിലെ തട്ടിപ്പു തടയുന്നതിന് ലീഗല്‍ മെട്രോളജി വിഭാഗവും നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News