ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയ്ക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്; പോയി പണിനോക്കെന്ന് ഗുഹ

ദില്ലി: രാജ്യത്തെ പുരോഗമനചിന്താഗതിക്കാരെയും സാംസ്‌കാരിക പ്രവര്‍ത്തകരേയും ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം. സ്വന്തം വസതിയില്‍ വെച്ച് എതിരാളികളുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞ് മരിച്ച് മാധ്യമപ്രവര്‍ത്തകയ്ക്കുവേണ്ടി രാജ്യത്തെ നിരവധി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തു. ആര്‍ എസ് എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്ന ഗൗരിയുടെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണവും വ്യാപകമായി ഉയര്‍ന്നിരുന്നു.

അക്കൂട്ടത്തിലാണ് പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും വിമര്‍ശനമയിച്ചുവിട്ടത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങളേയും പ്രതികരണങ്ങളേയും ഭയപ്പെടുത്താനുള്ള നീക്കത്തിലാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി. ഗൗരിലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഗുഹയ്ക്ക് ബിജെപി വക്കീല്‍ നോട്ടിസ് അയച്ചു. ബിജെപി കര്‍ണാടക സംസ്ഥാന കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ആര്‍ എസ് എസിനെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് ബി ജെ പിയുടെ ആവശ്യം. മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നുമാണ് നോട്ടിസില്‍ പറയുന്നു.

മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസില്‍ പറയുന്നു. ആര്‍ എസ് എസിനെതിരെ പ്രസ്താവന നടത്തുന്ന എല്ലാവരും ഇത്തരം നിയമനടപടി കരുതിയിരിക്കണമെന്ന ഭീഷണിയും ബിജെപി സംസ്ഥാന വക്താവ് അശ്വന്ത് നാരായണ നല്‍കി.

എന്നാല്‍ ബി ജെ പിയുടെ വക്കീല്‍ നോട്ടീസിനെതിരെ രൂക്ഷണായ ഭാഷയില്‍ തന്നെ രാമചന്ദ്രഗുഹ പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് തന്നെ നിശബ്ദനാക്കാമെന്ന് ബി ജെ പി കരുതേണ്ടെന്ന് ഗുഹ വ്യക്തമാക്കി. ഇന്നത്തെ ഇന്ത്യയില്‍, സ്വതന്ത്ര ചിന്തകരായ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം ടിറ്ററില്‍ കുറിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here