നോട്ട് നിരോധനം ആര്‍ക്കുവേണ്ടി; ദുരിതം പേറിയത് സാധാരണക്കാര്‍; നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടമെന്ത്; രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിച്ചത് ഈ നാട്ടിലെ സാധാരണക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

DEMONETISATION(നോട്ടുനിരോധനം) എന്ന പദം കഴിഞ്ഞ നവംബര്‍ 8ന് മുമ്പ് എത്ര പേര്‍ക്ക് അറിയാമായിരുന്നു ?!? അതുവരെ സാമ്പത്തിക വിദഗ്ധര്‍, ബാങ്കിംഗ് മേഖലയിലുളളവര്‍, നിയമജ്ഞര്‍ എന്നിവരും അതുമായി ബന്ധപ്പെട്ടവരും മാത്രം മനസ്സിലാക്കിയ പദമാണത്. ഈ പദത്തിന്റെ അര്‍ത്ഥമറിയാത്തവരും ഈ പദം വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ആണ് ഇതിന്റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

നോട്ടുനിരോധനത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങള്‍ പറയാന്‍ ഞാനൊരു സാമ്പത്തിക വിദഗ്ധനോ ബാങ്കറോ അല്ല. നോട്ടുനിരോധനത്തിന്റെ ചെലവ്, ഇത് കാരണം ക്യൂ നിന്ന് മരിച്ചവര്‍, പുതിയ നോട്ടടിക്കാന്‍ ആര്‍ബിഐക്കുണ്ടായ ചെലവ് തുടങ്ങിയ കാര്യങ്ങള്‍ വിദഗ്ധരും അല്ലാത്തവരും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലൂടെയും പങ്ക് വച്ചിട്ടുണ്ട്. സത്യത്തില്‍ പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിച്ചത്. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാര്‍ഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിച്ചവരാണ്.

പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്തുനിന്ന് എനിക്ക് ധാരാളം കത്തുകള്‍ കിട്ടുന്നുണ്ട്. യുവജനങ്ങള്‍ അവരുടെ തൊഴിലിനെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാണ്. ഐടി മേഖല താഴേക്കുപോയി. ടൂറിസം മേഖയെ ബാധിച്ചു. ടാക്‌സി ഡ്രൈവര്‍മാരുള്‍പ്പെടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവര്‍ ബുദ്ധിമുട്ടിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കമുളളവരും നോട്ടുനിരോധനം മൂലമുളള മാന്ദ്യം അനുഭവിക്കുന്നില്ലേ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലെ, അല്ലെങ്കില്‍ അന്ധരായ അനുയായികള്‍ വരച്ചുകാട്ടുന്നതുപോലെ എല്ലാം ശോഭനമാണോ. ഞാന്‍ അങ്ങനെ കരുതുന്നില്ല.

പ്രവാസികളുടെ വരുമാനവും സര്‍ക്കാര്‍ ജോലിയും ഔപചാരികമായ തൊഴിലും ആശ്രയിച്ചാണ് ബഹുഭൂരിഭാഗംപേരും കേരളത്തില്‍ ജീവിക്കുന്നത്. ഇങ്ങനെയുളള കേരളം പോലും നോട്ടുനിരോധനത്തിന്റെ ദോഷഫലം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും മോശമായിരിക്കും. പാവങ്ങളും ദുര്‍ബലരുമാണ് ഇതിന് കൂടുതല്‍ ഇരയായതെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്.

കാണാത്ത ഭാവിയില്‍ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്‌നം നമുക്ക് നേരിടാനാവില്ല. ഓക്‌സിജന്‍ ഇപ്പോഴാണ് ആവശ്യം. സംഭവിച്ചെതെല്ലാം മറിച്ചാക്കാന്‍ കഴിയില്ലല്ലോ.

ഇത്തരത്തിലുളള കടുത്ത നടപടി എടുക്കും മുമ്പ് സംസ്ഥാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചില്ല. ഇനിയെങ്കിലും പ്രധാനമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിച്ച് ഈ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ തയ്യാറാകണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ചെറുകിട കൃഷിക്കാരുടെയും കച്ചവടക്കാരുടെയും അസംഘടിത മേഖലിയില്‍ പണിയെടുക്കുന്നവരുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും മറ്റ് ദുരിതമനുഭവിക്കുന്നവരുടെയും നില മെച്ചപ്പെടുത്തുന്നതിന് കര്‍മ പദ്ധതിയുണ്ടാക്കണം.

ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മാറ്റുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വയോജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ സഹായവും പിന്തുണയും നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here