ഗൗരിയുടെ കൊലപാതകത്തിനെതിരെ പ്രതിഷേധമിരമ്പിയ ‘ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ’; രാജ്യമേറ്റെടുത്ത ക്യാംപെയിന് പിന്നിലെ മലയാളി സ്പര്‍ശം

തിരുവനന്തപുരം: വര്‍ഗീയവാദികളുടെ തോക്കിനിരയായ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ വധത്തില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്കില്‍ പ്രചരിച്ച ‘ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ’ ഫ്രെയിമിന്‍റെ സൃഷ്ടാവ് മലയാളി മാധ്യമപ്രവര്‍ത്തകന്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് ശാന്താഭവനില്‍ വി അരവിന്ദ് ആണ് ഈ ‘പ്രതിഷേധ സ്വരം’ ഇന്ത്യക്കാര്‍ക്ക് പകര്‍ന്നുനല്‍കിയത്.

മൂന്നുദിവസംകൊണ്ട് രാജ്യത്തെ രണ്ടു ലക്ഷത്തോളം പേര്‍ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തോടൊപ്പം ‘ദെന്‍ യു ഹാവ് ടു ഷൂട്ട് മി നൗ’ എന്ന ഫ്രെയിം ഉപയോഗിച്ചുവെന്നാണ് കണക്ക്. പ്രതിഷേധം ഇനിയും തുടരും, നിങ്ങള്‍ക്ക് ഞങ്ങളെയും വെടിവയ്ക്കേണ്ടിവരും എന്ന ആശയമാണ് അരവിന്ദ് പ്രചരിപ്പിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലയാളികളോടുള്ള പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചുയര്‍ന്നപ്പോള്‍ സോഷ്യല്‍മീഡിയ അരവിന്ദിന്‍റെ ആശയം ഏറ്റെടുക്കുകയായിരുന്നു. 30 മണിക്കൂറിനുള്ളില്‍ രാജ്യത്താകമാനമുള്ള മതേതരവാദികളുടെ ഫെയ്സ്ബുക്ക് ഫ്രെയിമായി ഇത് മാറി.

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ രാജ്യത്ത് അധികവും ഉപയോഗിക്കപ്പെട്ട ഫ്രെയിമായി ഇത് മാറി. കേരളത്തിന് പുറമെ, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ഒറീസ, ഹരിയാന, ഡല്‍ഹി, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരും ഈ പ്രചാരണം ഏറ്റെടുത്തു. വിദേശ മലയാളികളും ഈ ഫ്രെയിം ഏറ്റെടുത്ത് പ്രതിഷേധത്തില്‍ പങ്കാളികളായി. പതിനെട്ടു വര്‍ഷമായി മാധ്യമരംഗത്ത് സജീവമാണ് അരവിന്ദ്. കൈരളി ചാനല്‍ ഉള്‍പ്പെടെ നിരവധി ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഫ്ളവേഴ്സ് ചാനലില്‍ ന്യൂസ് എഡിറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here